ധനാനുമതി ബിൽ യു.എസ്. സെനറ്റിൽ വീണ്ടും പരാജയപ്പെട്ടു; അമേരിക്കയിലെ ഷട്ട്ഡൗൺ 21-ാം ദിവസത്തിലേക്ക്

അമേരിക്കയിലെ ഷട്ട്ഡൗൺ 21-ാം ദിവസത്തിലേക്ക്. ധനാനുമതി ബിൽ യു.എസ്. സെനറ്റിൽ വീണ്ടും പരാജയപ്പെട്ടതോടെയാണ് പ്രതിസന്ധി തുടരുന്നത്. തുടർച്ചയായ 11-ാം തവണയാണ് ബിൽ സെനറ്റിൽ അംഗീകരണം നേടാൻ പരാജയപ്പെടുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാർ ശമ്പളം ലഭിക്കാതെ കഷ്ടത അനുഭവിക്കുകയാണ്.
സർക്കാരിന്റെ ചെലവിനായി ധനാനുമതി നേടുന്നതിനുള്ള ബിൽ സെനറ്റിൽ വീണ്ടും വോട്ടിനിട്ടെങ്കിലും, 50-43 എന്ന വോട്ടു നിലയിലാണ് അത് പരാജയപ്പെട്ടത്. ഒബാമ കെയർ എന്നറിയപ്പെടുന്ന ദേശീയ ആരോഗ്യ പദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന നികുതി ഇളവുകളുടെ കാലാവധി നവംബർ 1-ന് അവസാനിക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണങ്ങളിൽ ഒന്ന്.
ഈ നികുതി ഇളവുകൾ നീട്ടിയില്ലെങ്കിൽ, ലക്ഷക്കണക്കിന് അമേരിക്കക്കാർക്ക് ഇൻഷുറൻസ് പ്രീമിയം താങ്ങാനാവാത്തവിധം ഉയരുമെന്നാണ് മുന്നറിയിപ്പ്. അതിനാൽ ബില്ലിൽ നികുതി ഇളവുകൾ ഉൾപ്പെടുത്തണമെന്നാണ് ഡെമോക്രാറ്റിക് പാർട്ടിയുടെ ആവശ്യം. എന്നാൽ, പുതിയ ചെലവുകളൊന്നും ഉൾപ്പെടാത്ത “ക്ലീൻ” ധനാനുമതി ബില്ലാണ് റിപ്പബ്ലിക്കൻ പാർട്ടിയും വൈറ്റ് ഹൗസും മുന്നോട്ടുവെക്കുന്നത്. തർക്കം പരിഹരിക്കാൻ ഇതുവരെ ഗൗരവമായ നീക്കങ്ങൾ നടന്നിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അധികാരമേറ്റ് ശേഷം സർക്കാർ ചെലവുകളും ഫെഡറൽ ജോലികളും വെട്ടിക്കുറച്ച യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്, ഷട്ട്ഡൗൺ കൂടുതൽ പിരിച്ചുവിടലുകൾക്കും സാമ്പത്തിക പ്രതിസന്ധികൾക്കും കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിദേശയാത്രകൾ പദ്ധതിയിടുന്ന അമേരിക്കക്കാർക്കും ഇതിന്റെ ബാധ ഉണ്ടാകും. പാസ്പോർട്ട് പ്രോസസിംഗ് സമയം കൂടുതലാകുമെന്ന് യുഎസ് പാസ്പോർട്ട് ഏജൻസികൾ ഇതിനകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Tag: Funding bill fails again in US Senate; US shutdown enters 21st day