പാഠ്യവിഷയം മലയാളം; നിയമം നടപ്പാക്കല്‍ നടപടിയുമായി വിദ്യാഭ്യാസവകുപ്പ്.
തൃശ്ശൂര്‍: കേരളത്തിലെ എല്ലാ സ്‌കൂളുകളിലും മലയാളം പാഠ്യവിഷയമായി പഠിപ്പിക്കണമെന്ന നിയമം നടപ്പാക്കാന്‍ ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്. മലയാളം ഭാഷ പഠനവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ഉടലെടുത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസവകുപ്പിന്റെ ഈ തീരുമാനം. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഉടന്‍ തന്നെ പൊതുവിദ്യാഭ്യാസവകുപ്പ് പ്രസിദ്ധീകരിക്കും.
കേരള നിയമസഭ 2017-ലാണ് മലയാളം പാഠ്യവിഷയം ആക്കണമെന്ന നിയമം പാസാക്കിയത്. ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ മലയാളം വിഷയമായി പഠിപ്പിക്കണമെന്നാണ് നിയമത്തില്‍ അനുശാസിക്കുന്നത്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതു വിദ്യാലയങ്ങള്‍ക്കും മറ്റ് സിലബസുകളിലെ വിദ്യാലയങ്ങള്‍ക്കും ഈ നിയമം ഒരുപോലെയാണ്.
മലയാളം പഠിപ്പിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടറുടെ ചുമതലയാണെന്ന് നിയമത്തില്‍ പറയുന്നു. എന്നാല്‍ നിയമം നിലവില്‍ വന്നെങ്കിലും സര്‍ക്കാര്‍ ഇതില്‍ ഒരുവിധത്തിലുമുള്ള നടപടിയും സ്വീകരിച്ചിരുന്നില്ല. ഓരോ സ്‌കൂളിലും പത്താം ക്ലാസില്‍ മലയാളത്തിന് ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്ന അഞ്ച് കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കണമെന്നും നിയമത്തില്‍ അനുശാസിക്കുന്നു.എന്നാല്‍ ഈ വ്യവസ്ഥയും ഇതുവരെ നടപ്പിലാക്കിയിരുന്നില്ല.
അതേസമയം മലയാളം പഠിപ്പിക്കുന്നതിന് തങ്ങള്‍ എതിരല്ലെന്നും സംസ്‌കൃത അധ്യാപക തസ്തിക ഇല്ലാതാക്കുന്ന നടപടിയാണ് വിദ്യാഭ്യാസവകുപ്പ് നടപ്പിലാക്കുന്നതെന്നും
കേരള സംസ്‌കൃത അധ്യാപകരില്‍ ചിലരും പ്രതികരിക്കുന്നുണ്ട്.