പ്രിയങ്കയുടെ ഹിന്ദുത്വ കാര്‍ഡ്: കമ്മ്യൂണിസ്റ്റുകാര്‍ ത്രിശങ്കുവില്‍
ന്യൂഡല്‍ഹി: പ്രിയങ്ക ഹിന്ദുത്വം മുറുകെ പിടിച്ച് യുപിയില്‍ രാഷ്ട്രീയ പ്രചാരണം തുടങ്ങിയതോടെ ആശങ്കയിലായത് ഇടതുപക്ഷം. ബിജെപിയെ തോല്‍പിക്കാന്‍ കേരളത്തിലൊഴിച്ച് കോണ്‍ഗ്രസുമായി കൂട്ടുകൂടാം എന്ന് സിപിഎം പോളിറ്റ് ബ്യൂറോ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യയുടെ സംസ്‌കാരത്തെ മുഴുവനായും മാറ്റിയെഴുതാനും കമ്മ്യൂണിസ്റ്റ് ചിന്താഗതിയില്‍ ജീവിക്കാനും പ്രേരിപ്പിക്കുന്നവര്‍ക്ക് ഇരുട്ടടിയായാണ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക വാദ്ര നിലപാടെടുത്തിരിക്കുന്നത്. ആകെ കേരളത്തില്‍ നിന്ന് കുറച്ച് വോട്ടുകള്‍ മാത്രം ലഭിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നിലനില്‍പ് ന്യൂനപക്ഷ പ്രീണനത്തിലൂടെ മാത്രമാണ്. കാശി വിശ്വനാഥ ക്ഷേത്രത്തിലും വാരണാസി ദുര്‍ഗാക്ഷേത്രത്തിലും സന്ദര്‍ശനം നടത്തിയ ശേഷമാണ് പ്രിയങ്ക പൊതുയോഗത്തിന് എത്തിയത്. നാരായണനും മാതാജിക്കും സ്തുതി ചൊല്ലിയ ശേഷമാണ് അവര്‍ പ്രസംഗം ആരംഭിച്ചത്. ഇത് കണ്ടതോടെ കോണ്‍ഗ്രസുമായുള്ള സഖ്യത്തെ ചെറുക്കാനുള്ള നടപടികള്‍ സിപിഎം കേരള ഘടകം ആരംഭിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ബിജെപിയെ എതിര്‍ക്കാന്‍ ആരുമായും കൂട്ടുകൂടാം എന്ന സിപിഎം പോളിറ്റ് ബ്യൂറോ തീരുമാനം കേരളത്തില്‍ നടപ്പിലാക്കിയാല്‍ ഉള്ള സീറ്റും പോവുമെന്നാണ് സിപിഎം നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നതത്രെ. നെറ്റിയില്‍ ചന്ദനവും ഭസ്മവും വാരിപ്പൂശി കൈയില്‍ പൂജിച്ച ചരടുകളുമായി നില്‍ക്കുന്ന പ്രിയങ്കയുടെ ഫോട്ടോ ന്യൂനപക്ഷ വോട്ടുകള്‍ കൂട്ടമായി നഷ്ടപ്പെടാന്‍ ഇടയാക്കുമെന്ന് കേരളത്തിലെ യുഡിഎഫ് നേതൃത്വത്തിനും ആശങ്കയുണ്ട്. കുറച്ച് ഹൈന്ദവ ദേവീദേവന്മാരുടെ മന്ത്രങ്ങള്‍ പഠിച്ചു ചൊല്ലുന്നതിലൂടെ പ്രിയങ്ക ദക്ഷിണേന്ത്യയിലെ ഏക തുരുത്തും നഷ്ടപ്പെടുത്തുമെന്നാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ പരിതപിക്കുന്നത്. പ്രിയങ്കയുടെ ചുവടുമാറ്റത്തില്‍ ലീഗ് നേതൃത്വവും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തോട് തങ്ങളുടെ ആശങ്ക പങ്കുവെച്ചുവെന്നാണ് അറിയുന്നത്. സിഎഎ, കശ്മീര്‍ വിഷയങ്ങളില്‍ ന്യൂനപക്ഷ വോട്ടുകള്‍ ഇടതുപക്ഷത്തേക്ക് കേന്ദ്രീകരിക്കാന്‍ കാരണമായെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇനി കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാല്‍ അവസാനത്തെ കച്ചിത്തുരുമ്പായ കേരളവും നഷ്ടമാവുമെന്ന ആശങ്കയാണ് സിപിഎമ്മിനെ പരിഭ്രാന്തരാക്കുന്നത്. ഇതോടെ വാരണാസിയില്‍ പ്രിയങ്ക കൊളുത്തിയ തീ കേരളത്തിലെ ഇടത്- വലത് നേതാക്കന്മാരെ ശരിക്കും പൊള്ളിച്ചിരിക്കുകയാണ്.