Editor's ChoiceKerala NewsLatest NewsLocal NewsNationalNews

ഗാനഗന്ധര്‍വന് 81-ാം പിറന്നാൾ, കൊല്ലൂര്‍ മൂകാംബികക്ക് മുന്നിൽ ആ ഗന്ധര്‍വ്വ സംഗീതം സംഗീതാര്‍ച്ചനയായെത്തും

കൊല്ലൂർ/ ഗാനഗന്ധര്‍വൻ കെ.ജെ യേശുദാസിന് ഇന്ന് 81-ാം പിറന്നാൾ. കോവിഡ് മഹാമാരി മൂലം കഴിഞ്ഞ 48 വര്‍ഷങ്ങളായി പിറന്നാൾ ദിനത്തിൽ തുടർന്നു വന്നിരുന്ന, മൂകാംബിക ക്ഷേത്ര സന്നിധിയിലെ ഗാനഗന്ധർവ്വന്റെ പിറന്നാൾ ആഘോഷം ഇത്തവണ ഉണ്ടാവില്ല. കൊല്ലൂരിൽ ഗാനഗന്ധര്‍വൻ എത്തില്ലെങ്കിലും ആ സ്വരം വെബ് കാസ്റ്റിലൂടെ സംഗീതാര്‍ച്ചനയായി കൊല്ലൂര്‍ മൂകാംബിക ദേവിക്ക് മുന്നിലെത്തും.

ഇത്തവണ പിറന്നാൾ ആഘോഷത്തിനായി യേശുദാസ് കൊല്ലൂരിൽ എത്തില്ല. കഴിഞ്ഞ 48 വര്‍ഷങ്ങളായി മൂകാംബിക ക്ഷേത്ര സന്നിധിയിലാണ് ഗാന ഗന്ധർവ്വന്റെ പിറന്നാൾ ആഘോഷം നടന്നു വരുന്നത്. ലോകത്ത് എവിടെയിരുന്നാലും ജനുവരി 10ന് ഗാനഗന്ധർവ്വൻ കെ ജെ യേശുദാസ് കുടുംബസമേതം കൊല്ലൂർ മൂകാംബിക ക്ഷേത്രസന്നിധിയിൽ എത്തിയിരിക്കും. ആ പതിവാണ് മഹാമാരി ഇത്തവണ തെറ്റിച്ചത്. കഴിഞ്ഞ തവണ എണ്‍പതാം പിറന്നാള്‍ ആഘോഷത്തിനായി ഭാര്യ പ്രഭയ്ക്കും മക്കളായ വിനോദ്, വിജയ്, വിശാല്‍ എന്നിവര്‍ക്കും ഒപ്പമാണ് യേശുദാസ് മൂകാംബിക ദേവിയുടെ സന്നിധിയിൽ എത്തിയിരുന്നത്.

നേരിട്ട് മൂകാംബിംക ദേവിയുടെ തിരുസന്നിധിയിൽ എത്താൻ കഴിയില്ലെങ്കിലും ഇക്കുറിയും ജനുവരി 10ന് യേശുദാസിന്റെ ഗന്ധര്‍വ്വ സംഗീതം ക്ഷേത്ര നടയിലെത്തുകയാണ്. വെബ്കാസ്റ്റ് വഴി യേശുദാസിന്റെ സംഗീതാര്‍ച്ചന കൊല്ലൂര്‍ മൂകാംബിക ദേവിക്ക് മുന്നിലെത്തിക്കാൻ ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തില്‍ പ്രത്യേക സ്‌ക്രീന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. കഴിഞ്ഞ ഇരുപത് വർഷമായി പ്രശസ്ത സംഗീതജ്ഞന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തില്‍ പിറന്നാള്‍ ദിനത്തില്‍ ഗാനഗന്ധര്‍വന്റെ ആയുരാരോഗ്യത്തിനായി കൊല്ലൂരിൽ അഖണ്ഡ സംഗീതാര്‍ച്ചന യേശുദാസ് സംഗീതോത്സവം എന്ന പേരിൽ നടത്തി വരുകയാണ്. ഇക്കുറിയും യേശുദാസ് സംഗീതോത്സവം മൂകാംബിക ക്ഷേത്രത്തില്‍ സംഘടിപ്പിക്കുന്നുണ്ട്. ഗാനഗന്ധര്‍വന്റെ സാന്നിധ്യമില്ലെങ്കിലും ഗാനാര്‍ച്ചനയും ചണ്ഡികാ ഹോമം അടക്കമുള്ള ചടങ്ങുകളും പതിവുപോലെ ഇത്തവണയും കൊല്ലൂരില്‍ നടക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button