തനിക്ക് വേണ്ടി അല്ലാതെ മറ്റൊരാള്‍ക്ക് വേണ്ടിയും അദ്ദേഹം പ്രവര്‍ത്തിക്കില്ല; പി എസ് പ്രശാന്ത്
നെടുമങ്ങാട് തിരഞ്ഞെടുപ്പ് പരാജയത്തില്‍ മുന്‍ എം എല്‍ എ പാലോട് രവിക്കെതിരെ വിമര്‍ശനം ഉന്നയിച്ച് നെടുമങ്ങാട് മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന പി എസ് പ്രശാന്ത് രംഗത്ത്.
മുന്‍ എം എല്‍ എ പാലോട് രവിയെ തിരുവനന്തപുരം ജില്ലയുടെ ഡിസിസി പ്രസിഡന്റ് സാദ്ധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന വാദം ഉയര്‍ന്നതോടെയാണ് പാലോട് രവിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി കഴിഞ്ഞ ദിവസം പി എസ് പ്രശാന്ത് വാര്‍ത്താസമ്മേളനം നടത്തിയത്.
തനിക്ക് വേണ്ടി അല്ലാതെ മറ്റൊരാള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിക്കില്ലെന്ന ശീലമാണ് പാലോട് രവിക്ക് ഉള്ളതെന്നായിരുന്നു പി എസ് പ്രശാന്ത് കുറ്റപ്പെടുത്തിയത്. പാലോട് രവി തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായില്ലെന്ന് മാത്രമല്ല, പാര്‍ട്ടി വോട്ടുകള്‍ ഭിന്നിപ്പിക്കാനും ശ്രമിച്ചെന്നുമാണ് വാര്‍ത്താസമ്മേളനത്തില്‍ പി എസ് പ്രശാന്ത് ഉന്നയിച്ചത്. തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു. തന്റെ കൈകള്‍ ശുദ്ധമാണ്. റിയല്‍ എസ്റ്റേറ്റ് ബിസിനസ്‌കാരില്‍ നിന്നോ ക്വാറി മുതലാളിമാരില്‍ നിന്നോ താന്‍ പണം വാങ്ങിയിട്ടില്ലെന്നും പണമാണ് വലുതെന്നാണ് അവര്‍ കരുതുന്നത് എന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
എന്നാല്‍ അതേ സമയം ഡിസിസി പ്രസിഡന്റ് സാദ്ധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തിയ ആള്‍ക്കെതിരെ ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചതിനെതിരെ പി എസ് പ്രശാന്തിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടിയില്‍ നിന്നും പി എസ് പ്രശാന്തിനെ ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ തന്നെ ഇക്കാര്യം അറിയിച്ചു.
അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചതിനാലാണ് പി എസ് പ്രശാന്തിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതെന്നായിരുന്നു കെ സുധാകരന്‍ പറഞ്ഞത്. പി എസ് പ്രശാന്തിന് സമാനമായി പലനേതാക്കളും നേതൃത്വത്തെ വെല്ലുവിളിച്ച് തുറന്നുപറച്ചില്‍ നടത്തുമെന്നാണ് സൂചന മുന്നില്‍ കണ്ടാണ് പി എസ് പ്രശാന്തിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതെന്നാണ് സൂചന.