തൂപ്പുകാരി പഞ്ചായത്ത് പ്രസിഡന്റായത് പിടിച്ചില്ല, ജാതിയധിക്ഷേപത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഗണേഷ് കുമാര്‍ എംഎല്‍എ

പത്തനാപുരം: അതങ്ങനെയാണ്. താഴ്ന്ന ജാതിയില്‍ പെട്ടൊരാള്‍ പെട്ടെന്ന് സമൂഹത്തിന്റെ ഉന്നത തലത്തില്‍ എത്തിയാല്‍ അംഗീകരിക്കാന്‍ പലര്‍ക്കും മടിയാണ്. ശുചീകരണത്തൊഴിലാളിയായി ജോലിചെയ്തിരുന്ന അതേ ഓഫീസില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തിരിച്ചെത്തി ദേശീയ തലത്തിലുള്‍പ്പെടെ ശ്രദ്ധ നേടിയ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദവല്ലിയ്ക്ക് നിരവധി അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു.
എന്നാല്‍ തൂപ്പുകാരിയില്‍ നിന്ന് പഞ്ചായത്ത് പ്രസിഡന്റിലേയ്ക്ക് എത്തിയ ആനന്ദവല്ലിക്ക് നേരെ ഓഫീസിനകത്തും പുറത്തും ജാതിയധിക്ഷേപം.
എന്നാല്‍, ഓഫീസില്‍ കയറിയതു മുതല്‍ ആനന്ദവല്ലി ജാതിയധിക്ഷേപം നേരിടുകയാണ്. സമൂഹമാധ്യമങ്ങളിലൂടെയും നേരിട്ടും അപമാനിയ്ക്കാന്‍ ബ്ലോക്ക് പഞ്ചായത്തിലെ ജീവനക്കാര്‍ ശ്രമിക്കുന്നുവെന്നാണ് പരാതി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റെന്ന നിലയില്‍ ആനന്ദവല്ലിയോട് സഹകരിക്കാതിരിക്കുക, പദവിയോട് ബഹുമാനം കാണിക്കാതെ പെരുമാറുക, പ്രസിഡന്റിനെതിരെ കുപ്രചരണങ്ങള്‍ നടത്തുക തുടങ്ങിയ കാര്യങ്ങളാണ് സഹമെമ്പറുമാരുടേയും ബ്ലോക്ക് ഓഫീസ് ജീവനക്കാരുടേയും ഭാഗത്ത് നിന്നുണ്ടാവുന്നതെന്ന് ആനന്ദവല്ലി പറയുന്നു. സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി കെബി ഗണേഷ് കുമാര്‍ എംഎല്‍എയും രംഗത്തെത്തി.
ബ്ലോക്ക് പഞ്ചായത്തിലെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ തനിക്കുണ്ടാകുന്ന ബുദ്ധിമുട്ട് ആനന്ദവല്ലി സ്ഥലം എംഎല്‍എയായ കെബി ഗണേഷ് കുമാറിനോട് പങ്കുവെച്ചതോടെയാണ് അധിക്ഷേപത്തിനെതിരെ എംഎല്‍എ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്. ജീവനക്കാര്‍ക്ക് കര്‍ശന താക്കീത് ആണ് എംഎല്‍എ നല്‍കിയത്. പൊതുപരിപാടിയില്‍ വെച്ചായിരുന്നു താക്കീത്.
ഗണേഷ് കുമാര്‍ എംഎല്‍എയുടെ വാക്കുകള്‍;
പാവപ്പെട്ട ഒരു ദളിത് കുടുംബത്തില്‍ നിന്നും പൊതുരംഗത്തേക്കിറങ്ങിയ ആനന്ദവല്ലിയ്ക്കുനേരെ ജാതി മേല്‍ക്കോയ്മ കാണിക്കുന്നവര്‍ ആരായാലും അവര്‍ക്കെതിരെ നടപടിയെടുക്കും. താല്‍ക്കാലിക തൂപ്പുകാരിയായി ജോലിചെയ്തിരുന്ന ഓഫീസിന്റെ ഉന്നത സ്ഥാനത്തേക്ക് ആനന്ദവല്ലിയെ ജനങ്ങള്‍ തെരഞ്ഞടുത്തതാണ്. അതാണ് ജനാധിപത്യത്തിന്റെ മഹത്വം. ആനന്ദവല്ലിയെ ഇനിയും വേദനിപ്പിക്കുന്നവരാരായാലും അവര്‍ അതിന് വലിയ വില കൊടുക്കേണ്ടിവരും. മാടമ്പിത്തരം കൈയ്യില്‍ വെച്ചാല്‍ മതി, അത് പത്തനാപുരത്ത് വേണ്ട.