CovidHealthKerala NewsLatest NewsLocal NewsNationalNews

ഇനി സ്വമേധയാ ആര്‍ക്കും കോവിഡ് ടെസ്റ്റ് നടത്താം.

സംസ്ഥാനത്ത് സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ലാബുകള്‍ക്ക് സ്വമേധയാ വരുന്ന ആര്‍ക്ക് വേണമോ ‘വാക്ക് ഇന്‍ കോവിഡ്-19 ടെസ്റ്റ്’ നടത്താന്‍ അനുമതി നല്‍കിയതായി മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. ആര്‍ടിപിസിആര്‍, എക്‌സ്‌പെര്‍ട്ട് നാറ്റ്, ട്രൂനാറ്റ്, റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് തുടങ്ങിയ കോവിഡ് പരിശോധനകള്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ നടത്താന്‍ സ്വകാര്യ ആശുപത്രികള്‍ക്കും ലബോറട്ടറികള്‍ക്കും അനുമതി നല്‍കിയിരുന്നു.

ഇതിന് പിന്നാലെ ‘വാക്ക് ഇന്‍ കോവിഡ്-19 ടെസ്റ്റ്’ നടത്താനുള്ള അനുമതിയ്ക്കായി പലരും മുന്നോട്ടു വന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിച്ചാണ് സ്വകാര്യ ലാബുകളില്‍ വാക്ക് ഇന്‍ കോവിഡ്-19 പരിശോധനയ്ക്കുള്ള അനുമതി നല്‍കിയത്. ഇതിലൂടെ പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ആശുപത്രികളിലും ലാബുകളിലും കോവിഡ് പരിശോധന നടത്താവുന്നതാണ്. ഇതിലൂടെ രോഗ വിവരം നേരത്തെ കണ്ടെത്തുന്നതിനും ഫലപ്രദമായ ചികിത്സ ഉടന്‍ ലഭ്യമാക്കാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മാര്‍ഗനിര്‍ദേശങ്ങള്‍

  1. ആര്‍ടിപിസിആര്‍, സിബി നാറ്റ്, ട്രൂനാറ്റ്, റാപ്പിഡ് ആന്റിജന്‍ എന്നീ ടെസ്റ്റുകള്‍ക്ക് ഇത് ബാധകമാണ്.
  2. ഓരോ ടെസ്റ്റുകള്‍ക്കും സ്വകാര്യ ലാബുകള്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കുകള്‍ മാത്രമേ ഈടാക്കാവൂ.
  3. ആരോഗ്യ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്വകാര്യ ലാബിനെ ഒരു വ്യക്തിക്ക് കോവിഡ് പരിശോധനയ്ക്കായി സമീപിക്കാവുന്നതാണ്.
  4. രജിസ്റ്റര്‍ ചെയ്ത ഡോക്ടറുടെ കുറിപ്പടിയുള്ള പരിശോധനയ്ക്ക് മുന്‍ഗണന നല്‍കുന്നു. അതേസമയം കുറിപ്പടി നിര്‍ബന്ധമല്ല.
  5. പരിശോധനയ്ക്ക് വിധേയമാകുന്ന വ്യക്തി സമ്മതപത്രം നല്‍കണം.
  6. പരിശോധനയ്ക്ക് വിധേയനായ വ്യക്തി സര്‍ക്കാര്‍ നല്‍കിയ ഏതെങ്കിലും ഒരു ഐഡി കാര്‍ഡിന്റെ പകര്‍പ്പ് ലാബില്‍ നല്‍കണം.
  7. ലാബുകളും ആശുപത്രികളും കോവിഡ് വാക്ക് ഇന്‍ കിയോസ്‌ക് (വിസ്‌ക്) മാതൃക സ്വീകരിക്കാവുന്നതാണ്
  8. മാര്‍ഗനിര്‍ദേശമനുസരിച്ച് പരിശീലനം ലഭിച്ച ലബോറട്ടറി ടെക്‌നീഷ്യനെ അല്ലെങ്കില്‍ നഴ്‌സിനെ സാമ്പിള്‍ ശേഖരണത്തിന് സജ്ജമാക്കണം. ആദ്യത്തെ 20 സ്രവ ശേഖരണത്തിന് ഒരു ഡോക്ടര്‍ മേല്‍നോട്ടം വഹിക്കേണ്ടതാണ്.
  9. ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച എല്ലാ മാര്‍ഗ നിര്‍ദ്ദേശങ്ങളും ലാബുകള്‍ പാലിക്കേണ്ടതാണ്.
  10. പരിശോധനയ്ക്ക് വരുന്ന വ്യക്തികള്‍ക്ക് കോവിഡ് സംബന്ധിച്ച പ്രീടെസ്റ്റ് കൗണ്‍സിലിംഗ് നല്‍കണം.
  11. ശരിയായ പരിശോധനയ്ക്ക് ശേഷമുള്ള കൗണ്‍സിലിംഗ്, മാര്‍ഗനിര്‍ദ്ദേശം, ഉറപ്പ് എന്നിവയുടെ അടിസ്ഥാനത്തില്‍ ഫലം അപ്പോള്‍ തന്നെ വെളിപ്പെടുത്താവുന്നതാണ്.
  12. രോഗലക്ഷണമുണ്ടെങ്കില്‍ ടെസ്റ്റ് നെഗറ്റീവായാല്‍ പോലും 14 ദിവസം സമൂഹവുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാന്‍ നിര്‍ദേശിക്കണം. പോസിറ്റീവായാല്‍ ദിശ 1056ല്‍ വിളിച്ച് സി.എഫ്.എല്‍.ടി.സി.കളിലോ കോവിഡ് ആശുപത്രികളിലോ ആക്കണം.
  13. പരിശോധനയ്ക്ക് വരുന്നവരുടെ പരിശോധനാഫലം അനുസരിച്ച് ലാബ് ഇന്‍ചാര്‍ജ് മുന്‍കരുതലുകളും പോസ്റ്റ് ടെസ്റ്റ് കൗണ്‍സിലിംഗും നല്‍കേണ്ടതാണ്.
  14. ലാബ് ഇന്‍ചാര്‍ജ് രോഗിയുടെ വിശദാംശങ്ങള്‍ ഉറപ്പുവരുത്തുകയും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഫലങ്ങള്‍ തത്സമയം ഓണ്‍ലൈനില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യണം.
  15. തുടര്‍ നടപടികള്‍ ജില്ലാ ആരോഗ്യ അധികാരികളെയോ ദിശയെയോ വിവരം അറിയിക്കേണ്ടതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button