keralaKerala NewsLatest News

ട്രെയിൻ യാത്രക്കാരെ വടികൊണ്ട് ആക്രമിച്ച് മൊബൈൽ ഫോണുകളും പണവും കവർന്ന സംഘം പിടിയിൽ

ട്രെയിൻ യാത്രക്കാരെ വടികൊണ്ട് ആക്രമിച്ച് മൊബൈൽ ഫോണുകളും പണവും കവർന്ന സംഘത്തിലെ ആറുപേരെ എറണാകുളം റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവയിൽ നടന്ന ആക്രമണത്തിൽ പരിക്കേറ്റ യാത്രക്കാരന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. പിടിയിലായവരിൽ പ്രായപൂർത്തിയാകാത്ത ഒരാളും ഉൾപ്പെടുന്നു.

ആലുവ സൗത്ത് വാഴക്കുളം കമ്പയിക്കുടി ഷെഫിൻ (18), പെരുമ്പാവൂർ മാറമ്പള്ളി ആഷിക് (21), അല്ലപ്ര പുലവത്ത് സിറാജ് (21), പെരുമ്പാവൂർ റയോൺ കടയാറ്റിൽ ജോഷ്വിൻ (18), മുടിക്കൽ പുതൻപുരയിൽ മുഹമ്മദ് ഫസൽ (18) എന്നിവരാണ് പിടിയിലായത്.

സ്റ്റേഷനിൽ പ്രവേശിക്കാൻ വേഗം കുറക്കുന്ന സമയത്ത്, വാതിലിനടുത്തോ അരികിലെ സീറ്റുകളിലോ ഇരിക്കുന്ന യാത്രക്കാരെ വടികൊണ്ട് അടിച്ച് മൊബൈലും പണവും താഴെവീഴ്ത്തി കവർച്ച നടത്തുന്നതായിരുന്നു ഇവരുടെ രീതി. ഏതാനും ദിവസങ്ങൾക്ക് മുൻപ്, മംഗലാപുരത്തേക്ക് പോകുന്ന മലബാർ എക്സ്പ്രസിന്റെ ജനറൽ കോച്ചിൽ വാതിൽപടിയിൽ യാത്ര ചെയ്തിരുന്ന ഒരാളെ ആലുവ ഭാഗത്ത് വടികൊണ്ട് അടിച്ച് വീഴ്ത്തി പണവും മൊബൈലും കവർന്ന സംഭവത്തിലാണ് അന്വേഷണം ആരംഭിച്ചത്. ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റയാളാണ് പരാതി നൽകിയത്.

സംഘത്തിലെ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയാണ് നേരിട്ട് വടികൊണ്ട് അടിക്കാൻ ഇറങ്ങാറുണ്ടായിരുന്നത്. ഇയാൾക്കെതിരെ നിരവധി പരാതികൾ മുമ്പും ഉണ്ടായിരുന്നെന്ന് പൊലീസ് അറിയിച്ചു. പ്രധാനമായും നാട്ടിലേക്ക് മടങ്ങുന്ന അന്തർസംസ്ഥാന യാത്രക്കാരെയാണ് സംഘം ലക്ഷ്യമിട്ടിരുന്നത്. ഇവരിൽ നിന്നും പരാതികൾ ലഭിക്കാത്തതിനാൽ ആക്രമണം പതിവായി തുടരുകയായിരുന്നു.

പ്രതികൾ ഉപയോഗിച്ച ബൈക്കും പൊലീസ് പിടിച്ചെടുത്തു. ഇതുവരെ 20ഓളം മൊബൈൽ ഫോണുകൾ ഇവർ കവർന്നതായി കണ്ടെത്തി. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് അന്വേഷണം പുരോഗമിച്ചത്. തുടർന്ന് വിവിധ സ്ഥലങ്ങളിൽ നിന്നായി പ്രതികളെ പൊലീസ് പിടികൂടി.

Tag: Gang arrested for attacking train passengers with sticks, stealing mobile phones and money

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button