ടോക്യോ: ഒളിംപിക്സ് പുരുഷ ഹോക്കിയില്‍ മെഡല്‍ നേടാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലാണ് ഇന്ത്യ. നീണ്ട നാല് പതിറ്റാണ്ടുകളായുള്ള ഇന്ത്യന്‍ ആരാധകരുടെ കാത്തിരിപ്പിനാണ് ടോക്യോ സാക്ഷ്യം വഹിച്ചത്. ഭാരതത്തിന് ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയതിന്റെ സന്തോഷം രാഷ്ട്രീയ കായിക പ്രമുഖരടക്കം സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവച്ചിരുന്നു.
ഇതിനിടയിലാണ് ബി ജെ പി എം.പി ഗൗതം ഗംഭീറിന്റെ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ”1983, 2007 അല്ലെങ്കില്‍ 2011 വര്‍ഷങ്ങള്‍ മറന്നേക്കുക. ഒളിംപിക്സില്‍ ഇന്ത്യന്‍ ഹോക്കി ടീമിന്റെ വെങ്കലനേട്ടം ഏത് ലോകകപ്പിനേക്കാളും വലുതാണെന്നായിരുന്നു മുന്‍ ക്രിക്കറ്റ് താരം ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ച പോസ്റ്റ്. 41 വര്‍ഷത്തിനിപ്പുറമാണ് ഇന്ത്യ പുരുഷ ഹോക്കിയില്‍ മെഡല്‍ സ്വന്തമാക്കുന്നതെന്നത് യാഥാര്‍ത്ഥ്യമാണ്.
അതേസമയം 1983 ന് ശേഷം ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് സ്വന്തമാക്കുക എന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പായിരുന്നു. ഇതാണ് 2007 ല്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണിയും ടീമും നേടിയെടുത്തത്. ഈ നേട്ടത്തെ കുറച്ചു കാണുന്ന തരത്തിലാണ് ഇപ്പോള്‍ മുന്‍ ക്രിക്കറ്റ് താരം ഗംഭീറിന്റെ ട്വീറ്റ്.
മുന്‍ ക്രിക്കറ്റ് നായകന്‍ ധോണിക്കെതിരെ ഇതിന് മുന്‍പും ആക്ഷേപതരത്തില്‍ സംസാരിച്ച് ഗംഭീര്‍ രംഗത്ത് വന്നിരുന്നു. അത്തരത്തിലാണ് ഇപ്പോള്‍ ഗംഭീറിന്റെ പോസ്റ്റ് എന്ന് ആരോപിച്ച് നിരവധി വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ ഗൗതം ഗംഭീറിനു നേരെ ഉയരുന്നത്.