ഒരു രൂപയ്ക്ക് ഉച്ചഭക്ഷണ പദ്ധതിയുമായി ബി ജെ പി എം പി ഗൗതം ഗംഭീര്‍

ന്യൂഡല്‍ഹി : ഉച്ചസമയത്ത് വിശപ്പടക്കാനായി ഒരു രൂപയ്ക്ക് ഭക്ഷണം നല്‍കുന്ന പദ്ധതി നടപ്പിലാക്കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബി ജെ പി എം പിയുമായ ഗൗതം ഗംഭീര്‍. തന്റെ നിയോജക മണ്ഡലത്തിലാണ് ഒരു രൂപയ്ക്ക് ഉച്ചഭക്ഷണം നല്‍കുന്ന പദ്ധതി ആരംഭിച്ചിരിക്കുന്നത്. ന്യൂ അശോക് നഗറിലാണ് ക്യാന്റീന്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.
അതേസമയം കഴിഞ്ഞ ഡിസംബര്‍ 24ന് ഗാന്ധിനഗറിലും ഇത്തരമൊരു ക്യാന്റീന്‍ ഗംഭീര്‍ ആരംഭിച്ചിരുന്നു. ഇതിന്റെ പ്രവര്‍ത്തനം വിജയകരമായതിനെ തുടര്‍ന്നാണ് രണ്ടാമതും ക്യാന്റീന്‍ തുടങ്ങാന്‍ അദ്ദേഹം തീരുമാനിച്ചത്.
അരി, പയറ്, പച്ചക്കറി കറികള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഉച്ചഭക്ഷണമാണ് ‘ജാന്‍ റാസോയ്’ ക്യാന്റീനില്‍ ലഭിക്കുന്നത്. കിഴക്കന്‍ ഡല്‍ഹിയിലെ തന്റെ മണ്ഡലത്തിലുള്ള പത്ത് നിയമസഭാ മണ്ഡലങ്ങളിലും ഓരോ ക്യാന്റീന്‍ ആരംഭിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും, ഭക്ഷണം അടിസ്ഥാന ആവശ്യമാണെങ്കിലും പലരും അത് ഒഴിവാക്കുകയാണെന്നും ഗൗതം ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.