ഗൗതം ഗംഭീറിന് വീണ്ടും ഐസിസിന്റെ വധഭീഷണി
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിന് വീണ്ടും ഐസിസ് വധഭീഷണി. ഐഎസ്ഐഎസ് കശ്മീരിന്റെ പേരിലാണ് രണ്ടാമത്തെ വധഭീഷണിയെത്തിയിരിക്കുന്നത്. നവംബര്‍ 24നും ഗൗതം ഗംഭീറിന് വധഭീഷണി വന്നിരുന്നു. വധഭീഷണി വന്ന സംഭവത്തില്‍ ഡല്‍ഹി പോലിസ് അന്വേഷണം നടത്തുകയാണ്.
നേരത്തെ ഗൗതം ഗംഭീറിന് വധഭീഷണി സന്ദേശം ലഭിച്ചത് പാക്കിസ്ഥാനില്‍ നിന്നാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ഗംഭീറിന്റെ രാജേന്ദ്ര നഗറിലെ വീട്ടില്‍ സുരക്ഷ ശക്തിപ്പെടുത്തിയിരിക്കുകയാണ്. ഐഎസ്ഐഎസ് കശ്മീര്‍ എന്ന മെയില്‍ ഐഡിയില്‍ നിന്നുമാണ് ഗംഭീറിന് രണ്ടാം തവണ ഭീഷണി സന്ദേശം ലഭിച്ചത്.
‘ഞങ്ങള്‍ നിങ്ങളെ കൊല്ലണമെന്ന ഉദ്ദേശത്തില്‍ തന്നെയാണുണ്ടായിരുന്നത്. പക്ഷേ ഇന്നലെ നിങ്ങള്‍ രക്ഷപ്പെട്ടു’വെന്നാണ് സന്ദേശം വിശദമാക്കുന്നത്. ‘നിങ്ങള്‍ കുടുംബത്തേയും ജീവിതത്തേയും ഇഷ്ടപ്പെടുന്നുവെങ്കില്‍ രാഷ്ട്രീയത്തില്‍ നിന്നും കശ്മീര്‍ പ്രശ്നങ്ങളില്‍ നിന്നും അകന്നു നില്‍ക്കുക’ എന്നും സന്ദേശം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഗൗതം ഗംഭീറിന്റെ ഡല്‍ഹിയിലെ വസതിയുടെ പുറത്ത് നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ അടക്കമുള്ളവയാണ് രണ്ടാമത് ലഭിച്ച ഭീഷണി സന്ദേശം. തങ്ങളുടെ ചാരന്മാര്‍ ഡല്‍ഹി പോലീസില്‍ ഉണ്ടെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു.