മുൾമുനയിൽ ശിവശങ്കറെ 6 മണിക്കൂർ ചോദ്യം ചെയ്തു, ഒടുവിൽ അറസ്റ്റ്.

കൊച്ചി/ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തു. ആറു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റു രേഖപ്പെടുത്തിയത്. അറസ്റ്റു ചെയ്തത് കള്ളപ്പണം വെളുപ്പിച്ച കേസിൽ. ചെന്നൈയിൽ നിന്ന് ഇഡി സ്പെഷ്യൽ ഡയറക്ടറും ജോയിന്റ് ഡയറക്ടറും കൊച്ചിയിൽ എത്തിയ ശേഷം ആയിരുന്നു അറസ്റ്റ്. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയ പിറകെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശിവശങ്കറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനായി കൊച്ചിയിലെ ഓഫിസിൽ എത്തിക്കുകയായിരുന്നു.
ശിവശങ്കർ ചികിത്സയിൽ കഴിഞ്ഞിരുന്ന വഞ്ചിയൂരിലുള്ള ആയുർവേദ കേന്ദ്രത്തിലെത്തിയാണ് ഇഡി കസ്റ്റഡിയിലെടുത്തത്. ഇഡിയും കസ്റ്റംസും റജിസ്റ്റർ ചെയ്ത കേസുകളിൽ ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെയാണ് നടപടി ഉണ്ടായത്. ജാമ്യാപേക്ഷ തള്ളി മിനുട്ടിനുള്ളിൽ തിരുവനന്തപുരത്തെ കേന്ദ്രത്തിൽനിന്ന് ശിവശങ്കറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇഡിയും കസ്റ്റംസും റജിസ്റ്റർ ചെയ്ത കേസുകളിലാണ് ശിവശങ്കറിന്റെ ജാമ്യം നിഷേധിച്ചത്. ശിവശങ്കർ തന്നെയാകാം സ്വർണക്കടത്ത് ആസൂത്രണം ചെയ്തതെന്ന് അന്വേഷണ ഏജൻസികൾ കോടതിയെ ബോധിപ്പിച്ചിരുന്നു. സ്വർണക്കടത്തുകേസിൽ ശിവശങ്കറിനെതിരായ നിർണായക തെളിവുകൾ ഇഡി കോടതിക്ക് നേരത്തെ കൈമാറിയിരുന്നു. സ്വപ്നയുമായി വളരെ അടുത്ത ബന്ധമുണ്ടെന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥർ ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ സ്ഥിരീകരിച്ചിരുന്നു.