പഴയ കസേരകൾ നീക്കം ചെയ്തു, ഫ്ലഡ്‌ലൈറ്റുകൾ മാറ്റി; കലൂർ സ്റ്റേഡിയത്തെ പറ്റിയുള്ള വിവാദങ്ങൾക്കിടെ ജിസിഡിഎയുടെ അടിയന്തര എക്സിക്യൂട്ടീവ് യോഗം ബുധനാഴ്ച

മെസ്സിയും അർജന്റീന ടീമും നവംബറിൽ എത്തില്ലെന്നത് സ്ഥിരീകരിച്ചതോടെ, കലൂർ സ്റ്റേഡിയത്തെ ചുറ്റിപ്പറ്റിയ വിവാദങ്ങൾക്കിടെ ജിസിഡിഎയുടെ അടിയന്തര എക്സിക്യൂട്ടീവ് യോഗം ബുധനാഴ്ച രാവിലെ ചേരും. കായികമന്ത്രി വി. അബ്ദുറഹിമാൻ ജിസിഡിഎയ്ക്ക് അയച്ച, സ്റ്റേഡിയം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട കത്താണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഈ കത്ത് പരിഗണിച്ചാണ് സ്റ്റേഡിയം സ്പോർട്സ് കേരള ഫൗണ്ടേഷനു കൈമാറാനുള്ള തീരുമാനം ഉണ്ടായത്.
അർജന്റീനയുടെ സൗഹൃദ മത്സരത്തിന്റെ എസ്പിവിയായി (Special Purpose Vehicle) സർക്കാർ സ്പോർട്സ് കേരള ഫൗണ്ടേഷനെ നിയോഗിച്ചിരുന്നു. കായികവകുപ്പിന്റെ പൂർണ്ണ നിയന്ത്രണത്തിലുള്ള ഈ സ്ഥാപനത്തിനാണ് കലൂർ സ്റ്റേഡിയം കൈമാറിയത്.
എന്നാൽ, സ്റ്റേഡിയം വിട്ടുനൽകുമ്പോൾ ജിസിഡിഎയും ഫൗണ്ടേഷനും തമ്മിൽ ഔദ്യോഗിക കരാറോ വ്യവസ്ഥകളോ ഉണ്ടോയെന്നത് ഇപ്പോഴും വ്യക്തമായിട്ടില്ല. ജിസിഡിഎയുടെ ഭാഗത്ത് നിന്നും ഇതുവരെ ഔദ്യോഗിക വിശദീകരണവും ലഭിച്ചിട്ടില്ല. സംഘടനയ്ക്കുതന്നെ കാര്യത്തിൽ വ്യക്തതയില്ലെന്നാണ് സൂചന.
സ്റ്റേഡിയത്തിലെ നവീകരണ പ്രവർത്തനങ്ങൾ സ്പോർട്സ് കേരള ഫൗണ്ടേഷനാണ് കൈകാര്യം ചെയ്യുന്നത്. ഫൗണ്ടേഷൻ, സ്പോൺസർമാർക്ക് ഈ പ്രവൃത്തികൾ ഏൽപിച്ചിരിക്കുകയാണ്. എന്നാൽ ഇവർക്കിടയിലെ കരാറിന്റെ വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. ഈ വിഷയങ്ങൾ ജിസിഡിഎ എക്സിക്യൂട്ടീവ് യോഗത്തിൽ പ്രധാനമായും ചർച്ചയായേക്കുമെന്നാണ് പ്രതീക്ഷ.
മെസിയുടെ സന്ദർശന പ്രഖ്യാപനത്തിനുശേഷം സ്റ്റേഡിയത്തിൽ വ്യാപകമായ നിർമ്മാണ-പുനർനിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. പഴയ കസേരകൾ നീക്കം ചെയ്ത് പുതിയത് സ്ഥാപിക്കുന്നതും, ഫ്ലഡ്‌ലൈറ്റുകൾ മാറ്റുന്നതും, സ്റ്റേഡിയത്തിന് പുറത്തുള്ള മരങ്ങൾ മുറിച്ചുമാറ്റുന്നതുമെല്ലാം പുരോഗമിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ അർജന്റീന ടീം ഈ വർഷം എത്തില്ലെന്ന് സ്ഥിരീകരിച്ചതോടെ, ഈ പ്രവൃത്തികളുടെ ഉദ്ദേശവും സ്റ്റേഡിയത്തിന്റെ ഭാവിയും ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്.
സ്പോൺസർമാർ മാർച്ചിൽ അർജന്റീനയെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുന്നുവെന്നതാണ് ഇപ്പോഴത്തെ അവകാശവാദം. എന്നാൽ മത്സരം നടക്കാതെയായാൽ, ഇതിനകം പൊളിച്ചിട്ട സ്റ്റേഡിയത്തിന്റെ നില എന്താകും എന്ന ആശങ്കയും ഉയരുന്നു.
കഴിഞ്ഞ 26ന് സ്റ്റേഡിയം സ്പോർട്സ് കേരള ഫൗണ്ടേഷനു കൈമാറി. ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻപിള്ളയുടെ വാക്കുകളിൽ, നവംബർ 30 വരെയാണ് കൈമാറ്റ കാലാവധി. അതിന് ശേഷം എന്താകും സ്റ്റേഡിയത്തിന്റെ സ്ഥിതി എന്നതും നിർണായക ചർച്ചാവിഷയമായി യോഗത്തിൽ ഉയരാനിടയുണ്ട്.
Tag: Old chairs removed, floodlights replaced; GCDA holds emergency executive meeting on Wednesday amid controversies over Kaloor Stadium



