”രാജ്യത്തെ ‘ജനറേഷൻ സി’ ഈ സംഭവങ്ങളുടെ യാഥാർത്ഥ്യം തിരിച്ചറിയണം, ഹരിയാനയിൽ കോൺഗ്രസിനെ പരാജയപ്പെടുത്താൻ നീക്കം” രാഹുൽ ഗാന്ധി

“ഇവിടെ പറയുന്നത് മുഴുവൻ 100% സത്യമാണ്, ഇത് ഒരു സംസ്ഥാനം തട്ടിയെടുത്ത കഥയാണെന്ന്” കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഹരിയാനയിൽ മാധ്യമങ്ങൾ പ്രവചിച്ചതെല്ലാം മറികടന്ന് അത്ഭുതകരമായ ഫലമാണ് ഉണ്ടായതെന്നും എല്ലാ എക്സിറ്റ് പോളുകളും കോൺഗ്രസിന് അനുകൂലമായിരുന്നുവെന്നും പോസ്റ്റൽ വോട്ടുകളിൽ പാർട്ടിക്ക് വ്യക്തമായ മുൻതൂക്കം ലഭിച്ചതായും രാഹുൽ ഗാന്ധി വ്യക്തമാക്കി. യുവജനങ്ങളോടാണ് താൻ സംസാരിക്കുന്നതെന്നും രാജ്യത്തെ ‘ജനറേഷൻ സി’ ഈ സംഭവങ്ങളുടെ യാഥാർത്ഥ്യം തിരിച്ചറിയണമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
“എന്നാൽ അതിനുശേഷം നടന്നത് ഞെട്ടിക്കുന്ന തരത്തിലുള്ള തട്ടിപ്പായിരുന്നു. സാധാരണയായി പോസ്റ്റൽ വോട്ടിന്റെയും പൊതു വോട്ടിംഗിന്റെയും ഫലങ്ങൾ തമ്മിൽ വലിയ വ്യത്യാസമുണ്ടാവാറില്ല. എന്നാൽ ഹരിയാനയിൽ അതിനോട് വിപരീതമായ സംഭവങ്ങളാണ് നടന്നത്. ഫലം പലതവണ പരിശോധിച്ചിട്ടാണ് ഞങ്ങൾ ഇത് ഉറപ്പിച്ചത്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രസീലിയൻ മോഡലിന്റെ ചിത്രം ഉപയോഗിച്ച് ഹരിയാനയിലെ പത്ത് ബൂത്തുകളിലായി 22 പേരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി വോട്ട് ചെയ്യിച്ചു. വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച് വ്യാപകമായ കള്ളവോട്ടെടുപ്പാണ് നടന്നതെന്നും ഇതൊരു വലിയ ഗൂഢാലോചനയിലൂടെ ആസൂത്രണം ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് എല്ലാ അഭിപ്രായ സർവേകളും എക്സിറ്റ് പോളുകളും പ്രവചിച്ചിരുന്ന തെരഞ്ഞെടുപ്പിൽ തന്നെയാണ് ഈ അട്ടിമറി നടപ്പിലാക്കപ്പെട്ടതെന്ന് രാഹുൽ ആരോപിച്ചു. ബ്രസീലിയൻ മോഡലിന്റെ ചിത്രം ഉപയോഗിച്ച് സ്വീറ്റി, സരസ്വതി, വിമല എന്നീ വ്യത്യസ്ത പേരുകളിലാണ് തിരിച്ചറിയൽ കാർഡുകൾ സൃഷ്ടിക്കപ്പെട്ടതെന്നും ആ കാർഡുകൾ അടിസ്ഥാനമാക്കി പത്ത് ബൂത്തുകളിൽ 22 പേരെ പട്ടികയിൽ ചേർത്തതായും അദ്ദേഹം വ്യക്തമാക്കി.
ഇത്തരം വ്യാജ തിരിച്ചറിയലുകൾ മുഖേന ഹരിയാനയിൽ അഞ്ച് വിഭാഗങ്ങളിലായി ഏകദേശം 25 ലക്ഷം കള്ളവോട്ടുകളാണ് രേഖപ്പെടുത്തിയതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
Tag: ‘Generation C’ of the country should realize the reality of these events, move to defeat Congress in Haryana,” Rahul Gandhi



