ഓപ്പറേഷന്‍ സിന്ദൂര്‍; അഞ്ച് പാകിസ്ഥാന്‍ വിമാനങ്ങളെ തകര്‍ത്തുവെന്ന് വീണ്ടും വ്യക്തമാക്കി ഇന്ത്യന്‍ വ്യോമസേന

ഓപ്പറേഷന്‍ സിന്ദൂര്‍ സമയത്ത് അഞ്ച് പാകിസ്ഥാന്‍ വിമാനങ്ങളെ തകര്‍ത്തതായി വീണ്ടും വ്യക്തമാക്കി ഇന്ത്യന്‍ വ്യോമസേന. എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങാണ് ഇന്ത്യന്‍ അവകാശവാദങ്ങള്‍ ആവര്‍ത്തിച്ചത്. ഐക്യരാഷ്ട്രസഭയില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നടത്തിയ പ്രസ്താവനയ്‌ക്ക് പിന്നാലെയാണ് അദ്ദേഹം പ്രതികരിച്ചത്. 93-ാമത് വ്യേോമസേനാ ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു വിശദീകരണം.
ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു. പാകിസ്ഥാന് 300 കിലോമീറ്ററിനുള്ളില്‍ പോലും അവരുടെ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ലെന്ന് തെളിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്റെ എഫ്-16, ജെഎഫ്-17 യുദ്ധവിമാനങ്ങളാണ് ഇന്ത്യ തകര്‍ത്തത്. ജാക്കോബോബാദ് എയര്‍ബേസിലെ എഫ്-16 ഹാംഗറും ആക്രമണത്തില്‍ തകര്‍ന്നു. ഹാംഗറിനകത്ത് ഉണ്ടായിരുന്നതുള്‍പ്പെടെ പാകിസ്ഥാന് ഏകദേശം പത്ത് വിമാനങ്ങളാണ് നഷ്ടപ്പെട്ടതെന്ന് എയര്‍ ചീഫ് മാര്‍ഷല്‍ വ്യക്തമാക്കി.
“വളരെ വ്യക്തമായ ലക്ഷ്യങ്ങളോടെയാണ് ആക്രമണം ആരംഭിച്ചത്. അതേസമയം അത് വലിയ യുദ്ധത്തിലേക്ക് കടക്കാതെ അവസാനിപ്പിക്കാനും കഴിഞ്ഞു. ഇപ്പോള്‍ ലോകത്ത് രണ്ട് വലിയ യുദ്ധങ്ങള്‍ നടക്കുന്നു. അവ അവസാനിപ്പിക്കുന്നതിന് നടപടി ഒന്നും നടക്കുന്നില്ല. എന്നാല്‍ ഇന്ത്യയുടെ ഇടപെടലുകള്‍ പാകിസ്ഥാന് വെടിനിര്‍ത്തല്‍ ആവശ്യപ്പെടേണ്ട സാഹചര്യമുണ്ടാക്കി. നമ്മുടെ ലക്ഷ്യങ്ങള്‍ പൂര്‍ണമായി നേടാനായെന്നതാണ് സത്യാവസ്ഥ,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tag: Operation Sindoor: Indian Air Force again claims to have shot down five Pakistani aircraft