ജോർജ് ഫ്ളോയിഡിൻറെ കൊലപാതകം ; ഡെറിക് ഷോവിന്റെ ശിക്ഷാ വിധി ജൂൺ 16ന്
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ കറുത്തവർഗക്കാരൻ ജോർജ് ഫ്ളോയിഡിൻറെ കൊലപാതകത്തിൽ പ്രതിയായ മുൻ പോലീസ് ഉദ്യോഗസ്ഥൻ ഡെറിക് ഷോവിന് ജൂണിൽ കോടതി ശിക്ഷ വിധിക്കും. ഷോവിനെതിരെ ചുമത്തിയ മൂന്ന് കുറ്റങ്ങളും തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു. ഡെറിക് ഷോവിനുള്ള ശിക്ഷ ജൂൺ 16ന് വിധിക്കുമെന്ന് ഹെൻപിൻ കൗണ്ടി ഡിസ്ട്രിക്ട് കോടതി അറിയിച്ചു .
2020 മേയ് 25ന് വൈകുന്നേരം മിന്നസോട്ട സംസ്ഥാനത്തെ മിനിയാപോളീസ് നഗരത്തിൽ പോലീസ് അറസ്റ്റ് ചെയ്യുന്നതിനിടെയാണ് ഫ്ലോയ്ഡ്(46) കൊല്ലപ്പെട്ടത്. ഇവിടുത്തെ ഒരു കടയിൽ സിഗരറ്റ് വാങ്ങി നല്കിയ 20 ഡോളർ നോട്ട് വ്യാജമാണെന്ന് സംശയിച്ച് കടക്കാരൻ പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു.
കീഴടക്കാനുള്ള ശ്രമത്തിനിടെ ഡെറിക് ഷോവിൻ ഫ്ലോയ്ഡിനെ റോഡിൽ കമിഴ്ത്തിക്കിടത്തി കഴുത്തിൽ മുട്ടുകുത്തിനിന്നത് 9 മിനിറ്റിലേറെയായിരുന്നു . ഇതേ തുടർന്ന് ശ്വാസം മുട്ടുന്നതായി ഫ്ലോയ്ഡ് ആവർത്തിച്ചുകൊണ്ടിരുന്നു. ഈ സമയം കാഴ്ചക്കാർ അദ്ദേഹത്തെ വിടാൻ അപേക്ഷിച്ചെങ്കിലും ഷോവിൻ ചെവിക്കൊണ്ടില്ല. ആംബുലൻസ് എത്തിയപ്പോഴേക്കും ഫ്ലോയ്ഡ് നിശ്ചലനായിരുന്നു. പിന്നീട് ഒരു മണിക്കൂറിനുശേഷം അദ്ദേഹം മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.