വിരല്‍ തുമ്പില്‍ പേന കറക്കി ഗിന്നസ് റെക്കോര്‍ഡ് കരസ്ഥമാക്കി വേങ്ങര സ്വദേശി
വിരല്‍ തുമ്പില്‍ പേന കറക്കി ഗിന്നസ് റെക്കോര്‍ഡ് കരസ്ഥമാക്കിയിരിക്കുകയാണ് വേങ്ങര സ്വദേശിയായ സിനാന്‍. നൗഷാദ് അലി -ലൈലാബി ദമ്പതികളുടെ മകനായ സിനാന്‍ വേങ്ങര മലബാര്‍ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ മൂന്നാം വര്‍ഷ ബി. സി.എ വിദ്യാര്‍ത്ഥിയാണ്.
ഒരു മിനിറ്റില്‍ 108 തവണ വിരല്‍ത്തുമ്പില്‍ പേന കറക്കിയാണ് സിനാന്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടംനേടിയത്. കാനഡയില്‍ നിന്നുള്ള അലേഷ്യ അമോട്ടോയുടെ പേരിലുളള റെക്കോര്‍ഡാണ് സിനാന്‍ പഴങ്കഥയാക്കിയത്.
നേരത്തെ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടംനേടിയ സിനാന്‍ നിരന്തര പരിശീലനത്തിലൂടെ ലോക റെക്കോര്‍ഡും കരസ്ഥമാക്കുകയായിരുന്നു. മലബാര്‍ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ ഫെബ്രുവരി മാസത്തില്‍ സഹപാഠികളുടെയും അധ്യാപകരുടെയും ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങളുടെയും സാനിധ്യത്തിലാണ് ഗിന്നസ് റെക്കോര്‍ഡിന് അപേക്ഷിക്കാനുള്ള വീഡിയോ നിര്‍മിച്ചത്.