കൈകാലുകൾ കെട്ടിയിട്ടനിലയിൽ പെൺകുട്ടി ഒരുരാത്രി മുഴുവൻ ഉദ്യാനത്തിൽ

ഹൈദരാബാദ്: കൈകാലുകൾ കെട്ടിയിട്ടനിലയിൽ പെൺകുട്ടിയെ ഉദ്യാനത്തിൽ കണ്ടെത്തി. ആന്ധ്രപ്രദേശിലെ വിജയനഗരത്തിലെ ഗുർലയിലാണ് തിങ്കളാഴ്ച രാവിലെ അബോധാവസ്ഥയിൽ പെൺകുട്ടിയെ കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് സംഘം പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചു.
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൈകാലുകൾ കെട്ടി ഞായറാഴ്ച രാത്രിയാണ് ഉദ്യാനത്തിൽ ഉപേക്ഷിച്ചതെന്നാണ് പോലീസിന്റെ നിഗമനം. പോലീസ് സ്‌റ്റേഷന് സമീപത്തുള്ള ഉദ്യാനത്തിലാണ് പെൺകുട്ടിയെ ഉപേക്ഷിച്ചതെങ്കിലും നേരം പുലരുന്നത് വരെ ആരും ഒന്നുമറിഞ്ഞിരുന്നില്ല. തിങ്കളാഴ്ച രാവിലെ നാട്ടുകാരാണ് പെൺകുട്ടിയെ ആദ്യം കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
പെൺകുട്ടി തെർലാം സ്വദേശിയാണെന്നും വിജയനഗരം ജില്ലയിലെ ഡിഗ്രി കോളേജിൽ വിദ്യാർഥിനിയാണെന്നും പിന്നീട് തിരിച്ചറിഞ്ഞു. തുടർന്ന് പോലീസ് വീട്ടുകാരെ വിവരമറിയിക്കുകയും ചെയ്തു. അതേസമയം, ആരാണ് പെൺകുട്ടിയെ ഇവിടെ ഉപേക്ഷിച്ചതെന്നോ എന്താണ് സംഭവിച്ചതെന്നോ ഇതുവരെ വ്യക്തമല്ല.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലായതിനാൽ ഇതുവരെ മൊഴിയെടുക്കാനായിട്ടില്ല. പെൺകുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടാൽ മൊഴിയെടുക്കുമെന്നും അതോടെ സംഭവത്തിൽ വ്യക്തത വരുമെന്നുമാണ് പോലീസ് പറയുന്നത്.