ആഗോള അയ്യപ്പ സംഗമം;ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ എഐ സാങ്കേതിക വിദ്യയുടെ സഹായം
ആവശ്യമുള്ളവർക്ക് മലകയറ്റത്തിനും ഇറക്കത്തിനും റോബട്ടുകൾ, സ്കാനിങ്ങിനു പകരം മുഖം പരിശോധിച്ചുള്ള സുരക്ഷ പരിശോധന എന്നി നിർദേശങ്ങൾ ഉയർന്നു .

പത്തനംതിട്ട : ആഗോള അയ്യപ്പ സംഗമത്തിൽ ‘ആൾക്കൂട്ട നിയന്ത്രണവും തയാറെടുപ്പുകളും’ എന്ന വിഷയത്തിൽ നടന്നചർച്ചയിൽശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ എഐ സാങ്കേതിക വിദ്യയുടെ സഹായം തേടണമെന്ന് നിർദേശം .ഈ ചർച്ചയിൽ വെർച്വൽ ക്യൂ മാനേജ്മെന്റ്, എഐ പാർക്കിങ് സ്ലോട്ട്, തീർഥാടകരുടെ ശരീരത്തിലെ താപം അനുസരിച്ച് എണ്ണം കണക്കാക്കുന്ന എഐ സാങ്കേതിക വിദ്യ, ആരോഗ്യപരമായ പരിരക്ഷ ആവശ്യമുള്ളവർക്ക് മലകയറ്റത്തിനും ഇറക്കത്തിനും റോബട്ടുകൾ, സ്കാനിങ്ങിനു പകരം മുഖം പരിശോധിച്ചുള്ള സുരക്ഷ പരിശോധന എന്നി നിർദേശങ്ങൾ ഉയർന്നു .
മാത്രമല്ല ,ആരോഗ്യപരമായ വെല്ലുവിളികൾ നേരിടുന്നവർക്ക് റോബട്ട് വഴി മരുന്നുകൾ എത്തിക്കുന്നത് സംബന്ധിച്ചും ചർച്ചകൾ നടന്നു.തിരക്കു നിയന്ത്രണത്തിനുള്ള മാസ്റ്റർ പ്ലാൻ തയാറാക്കാൻ ചേർന്ന ഉന്നതാധികാര സമിതി യോഗത്തിലും ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായിരുന്നു. ശബരിമലയിൽ ശാസ്ത്രീയ തിരക്കു നിയന്ത്രണം നടപ്പാക്കാൻ വിശദമായ പഠനം വേണമെന്നും ഓരോ സ്ഥലത്തും കേന്ദ്രീകരിക്കുന്ന തീർഥാടകരുടെ എണ്ണം ഡ്രോൺ ഉപയോഗിച്ചു നിരീക്ഷിക്കണമെന്നും കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്. അതിനനുസരിച്ചുള്ള സംവിധാനം എല്ലായിടത്തും ഉണ്ടാകണമെന്നും ഇതിനുള്ള പഠനത്തിനു തങ്ങൾക്കു പദ്ധതി ഉണ്ടെന്നും ആണ് കെഎസ്ആർടിസി അറിയിച്ചിരിക്കുന്നത്.വലിയ നടപ്പന്തലിലെ പരിശോധന അപര്യാപ്തമാണെന്ന അഭിപ്രായവും ചർച്ചയിലുണ്ടായി. ഒരാളുടെ ഇരുമുടി പരിശോധനയ്ക്ക് നാലു മുതൽ അഞ്ച് മിനിറ്റ് വരെ വേണ്ടി വരും.
റോപ്പുകൾ തമ്മിലുള്ള ഏകോപനം മോശമാണ്. പതിനെട്ടാം പടിയിൽ നിന്ന് ഒരു മിനിറ്റിൽ 70 മുതൽ 80 പേരെ വരെ കയറ്റിവിട്ടെങ്കിൽ മാത്രമേ ഒരു ദിവസം എൺപതിനായിരം മുതൽ ഒരുലക്ഷം പേർക്ക് ദർശനം സുഗമമാവുകയുള്ളൂ. തിരക്ക് കൂടി ഭക്തരുടെ എണ്ണം രണ്ടു ലക്ഷം വരെ ആകുന്ന ദിവസങ്ങളിൽ ഒരു മിനിറ്റിൽ നൂറുപേരെയെങ്കിലും പതിനെട്ടാം പടി വഴി കയറ്റിവിടേണ്ടി വരുമെന്നും അധികൃതർ പറഞ്ഞു.സന്നിധാനത്തേക്കുള്ള തീർഥാടകരുടെ തിരക്ക് നിയന്ത്രണത്തിനുള്ള ശാസ്ത്രീയ പഠനത്തിനു എഐ ക്യാമറകളും ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്താനുള്ള സാധ്യത നേരത്തേ ആലോചിച്ചിരുന്നു.
പുല്ലുമേട് വഴി വരുന്ന തീർഥാടകരെ നിയന്ത്രിച്ച് പതിനെട്ടാംപടി കയറ്റിവിടാൻ പ്രത്യേക ക്യൂ കോംപ്ലക്സ് വേണമെന്ന ആവശ്യവും പരിഗണനയിലാണ്. കരിമല വഴി കാൽനടയായി എത്തുന്ന തീർഥാടകർക്ക് പതിനെട്ടാംപടി കയറാൻ പ്രത്യേക പാസ് ഒഴിവാക്കും.കൂടാതെ . നിലയ്ക്കൽ മുതൽ സന്നിധാനം വരെ മൂന്നു മേഖലയായി തിരിച്ച് വിശദമായ പദ്ധതി തയാറാക്കാൻ ദേവസ്വം ബോർഡ് താൽപര്യപത്രം ക്ഷണിക്കുകയും ചെയ്യും.
Tag: Global Ayyappa Sangamam; the help of AI technology to manage the crowd at Sabarimala.