ആഗോള അയ്യപ്പ സംഗമം; പങ്കെടുക്കാനുള്ള മാനദണ്ഡങ്ങളിൽ മാറ്റം
ആദ്യം റജിസ്റ്റര്‍ ചെയ്ത മൂവായിരം പേര്‍ക്കാണ് അവസരം ലഭിക്കുക

ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നവരുടെ മാനദണ്ഡങ്ങളിൽ മാറ്റം. ആദ്യം റജിസ്റ്റര്‍ ചെയ്ത മൂവായിരം പേര്‍ക്കാണ് അവസരം ലഭിക്കുക. ആകെ റജിസ്ടര്‍ ചെയ്തത് 4864 പേരാണ്. തമിഴ്നാട്, ആന്ധ്ര മന്ത്രിമാർ പങ്കെടുക്കുമെന്ന് ദേവസ്വം പ്രസിഡന്‍റ് അറിയിച്ചു.
അതേസമയം, പമ്പയിൽ 1.85 കോടി രൂപ ചെലവിൽ മൂന്ന് പ്രധാന കേന്ദ്രങ്ങളിലാണ് അയ്യപ്പസംഗമത്തിനുള്ള പന്തൽ നിർമാണം നടക്കുന്നത്. പമ്പാ മണപ്പുറത്തെ പ്രധാന പന്തലിന്റെ മേൽക്കൂരയുടെ പണികൾ ഏറെക്കുറെ പൂര്‍ത്തിയായി. ഇനിയും തറയുടെയും വശങ്ങളുടെയും പണികൾ തീരാനുണ്ട്. അതിനു പുറമേ സ്റ്റേജ്, മൈക്ക് തുടങ്ങിയവയുടെ പണികളും നടക്കുന്നു.
പൂർണമായി ശീതീകരിച്ച വിധത്തിലാണു പ്രധാന പന്തൽ. അതിന് 38,500 ചതുരശ്രയടി വിസ്തൃതിയുണ്ട്. ഇതിൽ 3000 പേർക്ക് ഇരിക്കാം. ഗ്രീൻ റൂം, മീഡിയ റൂം, വിഐപി ലോഞ്ച് എന്നിവയും ഇവിടെയുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്‌ഷനാണു ക്രമീകരണങ്ങളുടെ ചുമതല. കുണ്ടും കുഴിയും നിറഞ്ഞ ചാലക്കയം– പമ്പ റോഡിന്റെ പണികൾ തീർന്നു. പമ്പാ മണപ്പുറത്തെ ശുചിമുറികളുടെ അറ്റകുറ്റപ്പണിയും പെയിന്റിങ് ജോലികളും പൂര്‍ത്തിയായി.