ആഗോള സൂചികകള്‍ നേട്ടത്തിലേക്ക്, മാര്‍ക്കറ്റിന് ഉണര്‍വ്
കോവിഡ് പിടിമുറുക്കിയ സമ്പദ് വ്യവസ്ഥ ക്രമാനുഗതമായി വളര്‍ച്ചയിലേക്ക്. ലോകത്തെ മിക്ക ഓഹരി വിപണികളും നേട്ടത്തിലാണ്. ഏഷ്യന്‍ ഓഹരികള്‍ക്ക് പൊതുവെയുണ്ടായ മുന്നേറ്റം ആഗോളസാമ്പത്തിക രംഗത്തെ മുന്നേറ്റത്തിന് തെളിവാണ്. ജപ്പാനിലും ഇന്ത്യയിലും ഹോങ്കോങ്ങിലും ഓസ്‌ട്രേലിയയിലും യൂറോപ്പിലുമെല്ലാം ഓഹരിവിപണികള്‍ മുന്നേറ്റത്തിലാണ്.
ജപ്പാനിലെ നിക്കി 225 ഏപ്രിലിന് ശേഷം 30,000 കടന്നു. ദക്ഷിണ കൊറിയയിലാണ് വിപണിയില്‍ ചെറിയ വീഴ്ച രേഖപ്പെടുത്തിയത്. യുഎസ് മാര്‍ക്കറ്റിലും വിപണി നേരിയ മുന്നേറ്റം നടത്തി. യുകെ, ജര്‍മനി, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ സൂചികയില്‍ ശരാശരി ഒരുശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വെള്ളിയാഴ്ചത്തെ മോശം യുഎസ് തൊഴില്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ ഏറ്റവും താഴ്ന്ന നിലയില്‍ നിന്ന് ഡോളര്‍ തിരിച്ചെത്തിയതിനാല്‍ ഏഴ് ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്ന് സ്വര്‍ണം പിന്നോട്ട് പോയി, ഇത് ഫെഡറല്‍ റിസര്‍വ് ഉടന്‍ ബോണ്ട് വാങ്ങല്‍ കുറയ്ക്കുമെന്ന ആശങ്ക കുറച്ചു.
സ്വര്‍ണം ഔണ്‍സിന് 1826 ഡോളറായി കുറഞ്ഞു. ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നതും വിപണിയില്‍ ചലനമുണ്ടാക്കുന്നുണ്ട്. 72 ഡോളര്‍ ആണ് ബാരലിന് നിലവിലെ വില രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ ഓഹരി വിപണയില്‍ ഇന്നലെ മുന്നേറ്റത്തിന്റെ ദിനമായിരുന്നു. തുടര്‍ച്ചയായി നാലാം ദിവസം (ഇന്നും) ഓഹരി വിപണി നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്.
സെന്‍സെസ്‌ക് 111 പോയിന്റ് നേട്ടത്തില്‍ 58408ലും നിഫ്റ്റി 28 പോയിന്റ് ഉയര്‍ന്ന് 17406ലുമാണ് വ്യാപാരം ആരംഭിച്ചത്. ഏഷ്യന്‍ പെയ്ന്റ്‌സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എച്ച്ഡിഎഫ്‌സി, ഐടിസി, എച്ച്‌സിഎല്‍, ടെക് മഹീന്ദ്ര, മാരുതി സുസുക്കി, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, ബജാജ് ഫിനാന്‍സ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
എന്നാല്‍ എന്‍ടിപിസി, അള്‍ട്രടെക് സിമെന്റ്‌സ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ക്ക് തിരിച്ചടി നേരിട്ടിരിക്കുകയാണ്. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ കഴിഞ്ഞ ദിവസം 589 കോടി രൂപയുടെ ഓഹരികള്‍ വിറ്റൊഴിഞ്ഞപ്പോള്‍ ആഭ്യന്തര നിക്ഷേപകര്‍ 547 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയുംചെയ്തു.