ഗൂഗിളിന്‍റെ ഇമെയില്‍ സേവനമായ ജിമെയിലിന്റെ സേവനം ലോകമെങ്ങും തടസപ്പെട്ടു.

ഗൂഗിളിന്‍റെ ഇമെയില്‍ സേവനമായ ജിമെയിലിന്റെ സേവനം ലോകമെങ്ങും തടസപ്പെട്ടു. ലോകമെങ്ങുമുള്ള ജിമെയില്‍ ഉപയോക്താക്കള്‍ക്ക് മെയില്‍ അയക്കാനോ ഫയല്‍ അറ്റാച്ച് ചെയ്യാനോ കഴിയാത്തതായാണ് വിവരം. ജിമെയിലിന്റെ സേവനം തടസ്സപ്പെട്ടതായി ഉപഭോക്താക്കൾ സോഷ്യല്‍ മീഡിയ വഴി വിവരങ്ങൾ പങ്കുവെക്കുന്നതോടെയാണ് ലോകമെങ്ങും ഗൂഗിള്‍ സര്‍വീസ് ഭാഗീകമായി തകരാറായ വിവരം പുറത്തറിയുന്നത്. ജി മെയിലിന് മാത്രമല്ല, ഗൂഗിള്‍ ഡ്രൈവ് അടക്കമുള്ള മറ്റ് ഗൂഗിള്‍ സേവനങ്ങള്‍ക്കും തടസ്സം ഉണ്ടായിട്ടുണ്ട്. 59 ശതമാനം പേര്‍ക്ക് ഫയലുകള്‍ അറ്റാച്ച് ചെയ്യാന്‍ കഴിയുന്നില്ല. 28 ശതമാനം പേര്‍ക്ക് ലോഗിന്‍ ചെയ്യാന്‍ കഴിയുന്നില്ല. 12 ശതമാനം പേര്‍ക്കാകട്ടെ മെസേജുകള്‍ ലഭിക്കുന്നില്ല. പ്രശ്‌നത്തെ കുറിച്ച് ഗൂഗിളും അവരുടെ ടെക്‌നിക്കല്‍ സംഘവും അന്വേഷണം നടത്തിവരുകയാണ്. ഇത് സംബന്ധിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് ഗൂഗിള്‍ നല്‍കുന്ന വിശദീകരണം.
ഇന്ത്യയിലുള്ളവർക്ക് ലോഗിന്‍ ചെയ്യാനോ മെയിലുകള്‍ അയക്കാനോ, അറ്റാച്ച്‌മെന്റുകള്‍ അപ്ലോഡു ചെയ്യാനോ കഴിയുന്നില്ല. ഇന്ത്യയില്‍ നിന്നുള്ള നിരവധി ഉപയോക്താക്കളാണ് വ്യാഴാഴ്ച്ച ഇക്കാര്യം പരാതിപ്പെടുന്നത്. കഴിഞ്ഞ രണ്ടര മണിക്കൂര്‍ നേരമായി മെയില്‍ അയക്കാനോ ഫയലുകള്‍ അറ്റാച്ചു ചെയ്യാനോ കഴിയുന്നില്ലെന്ന് ഉപയോക്താക്കള്‍ പരാതിപ്പെടുന്നു. ഓസ്‌ട്രേലിയ , ജപ്പാന്‍, തുടങ്ങി ലോകത്തിലെ ഒട്ടുമിക്ക ഇടങ്ങളിലും ഈ പ്രശ്‌നം ഉളളതായി ഡൗണ്‍ഡിറ്റക്ടര്‍.കോം റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ജിമെയിലില്‍ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂലൈ മാസത്തില്‍ ഉപയോക്താക്കള്‍ക്ക് മെയില്‍ അക്കൗണ്ട് ലോഗിന്‍ ചെയ്യാന്‍ കഴിയുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. അന്ന് പ്രശ്‌നം പരിഹരിക്കപ്പെട്ടിരുന്നുവെങ്കിലും എന്തുകൊണ്ടാണ് ഈ രീതിയിൽ സംഭവിക്കുന്നതെന്ന് ഗൂഗിള്‍ വിശദീകരിച്ചിരുന്നില്ല.