പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍: ജനാധിപത്യ സര്‍ക്കാറിനെ താറടിക്കാനുള്ള ശ്രമമെന്ന് ഐ.ടി മന്ത്രി
ന്യൂഡല്‍ഹി: പെഗാസസുമായി ബന്ധപ്പെട്ട ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ വിശദീകരണവുമായി ഐ.ടി മന്ത്രി അശ്വനി വൈഷ്ണവ്. ജനാധിപത്യ സര്‍ക്കാരിനെ താറടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ വാര്‍ത്തകള്‍ വസ്തുതക്ക് നിരക്കുന്നതല്ലെന്ന് കേന്ദ്ര പ്രതികരിച്ചു.
‘സര്‍ക്കാര്‍ ആരുടെയും ഫോണ്‍ ചോര്‍ത്തിയിട്ടില്ല. പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുന്‍പ് റിപ്പോര്‍ട്ട് പുറത്തുവന്നത് യാദൃശ്ചികമല്ല.’ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
‘പ്രശ്നത്തെ ലോജിക് ഉപയോഗിച്ച് പരിശോധിക്കണം. ദേശീയ താല്പര്യങ്ങള്ക്ക് വേണ്ടിയാണെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ കര്‍ശനമായ നിയമങ്ങള്‍ നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ഇവിട ഇത്തരം ഫോണ്‍ ചോര്‍ത്തലുകള്‍ നടപ്പാക്കാന്‍ സാധിക്കില്ല.’ നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു.
വിഷയത്തില്‍ രാജ്യസഭ ഇന്ന് ഉച്ചക്ക് ശേഷവും അലങ്കോലമായി. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. രാവിലെ ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന് സഭ ഇന്നുച്ചയ്ക്ക് രണ്ട് മണി വരെ നിര്‍ത്തിവെച്ചിരുന്നു.
ചാരസോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലെ മന്ത്രിമാര്‍, പ്രതിപക്ഷനേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, ശാസ്ത്രജ്ഞര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മനുഷ്യാവകാശപ്രവര്‍ത്തകര്‍ തുടങ്ങി 300ഓളം പേരുടെ ഫോണ്‍ ഇസ്രായേല്‍ കമ്ബനി ചോര്‍ത്തിയെന്നാണ് വെളിപ്പെടുത്തല്‍. 40 മാധ്യമപ്രവര്‍ത്തകര്‍, മൂന്നു പ്രമുഖ പ്രതിപക്ഷനേതാക്കള്‍, ജുഡീഷ്യറിയിലെ ഒരു പ്രമുഖന്, മോദി സര്‍ക്കാറിലെ രണ്ടു മന്ത്രിമാര്‍, ഇന്ത്യന്‍ സുരക്ഷ ഏജന്‍സികളുടെ നിലവിലുള്ളവരും വിരമിച്ചവരുമായ മേധാവികള്‍, ഉദ്യോഗസ്ഥര്‍, വ്യവസായപ്രമുഖര്‍ എന്നിവര്‍ ചാരവൃത്തിക്ക് ഇരയായതായാണ് ‘ദ വയര്‍’ വാര്‍ത്ത പോര്‍ട്ടല്‍ വ്യക്തമാക്കി.
വിവിധ രാജ്യങ്ങളിലെ സര്‍ക്കാറുകള്‍ക്ക് ചാരപ്പണി നടത്തിക്കൊടുക്കുന്ന ഇസ്രായേലി ചാര വിവരസാങ്കേതികവിദ്യ കമ്ബനിയായ എന്‍.എസ്.ഒ ആണ് ഇന്ത്യയില്‍ പ്രമുഖരുടെ ഫോണുകള്‍ ചോര്‍ത്തിക്കൊടുത്തത്. ഇന്ത്യന്‍ മാധ്യമങ്ങളും വിദേശ മാധ്യമങ്ങളും ചേര്‍ന്ന് നടത്തിയ സംയുക്ത അന്വേഷണത്തിലാണ് ഈ വിവരം പുറത്തുവന്നത്. അന്വേഷണത്തിെന്റ ഭാഗമായി മൊബൈല്‍ ഫോണുകളില്‍ നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ ചാരവൃത്തിക്ക് ഇസ്രായേല്‍ കമ്ബനി ഉപയോഗിക്കുന്ന പെഗാസസ് സ്പൈവെയര്‍ ഉപയോഗിച്ചുവെന്നും കണ്ടെത്തി.
ഇന്ത്യയില്‍ ‘ദ വയറും’ അമേരിക്കയിലെ വാഷിങ്ടണ്‍ പോസ്റ്റും ബ്രിട്ടനിലെ ഗാര്‍ഡിയനും അടക്കം ലോകത്തിെന്റ വിവിധ ഭാഗങ്ങളിലുള്ള ഒരു ഡസനിലേറെ മാധ്യമസ്ഥാപനങ്ങളുമായി സഹകരിച്ച് ‘പെഗാസസ് പ്രോജക്ട്’ എന്ന പേരിലാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. ഇവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസിന് കഴിഞ്ഞയാഴ്ച ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ അയച്ചുവെന്നും എന്നാല്‍, ആരോപണത്തില്‍ അടിസ്ഥാനമില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് മറുപടി നല്‍കിയെന്നും ‘വയര്‍’ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, പെഗാസസ് സ്പൈവെയര്‍ ഉപയോഗിച്ചില്ല എന്നു പറയാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് തയാറായിട്ടില്ല.