
മസ്‌കറ്റ്: ബിസിനസ് പ്രമുഖനും ഖിംജി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയർമാനുമായ കനക്‌സി ഗോകൽദാസ് ഖിംജി (85) അന്തരിച്ചു. ഇന്ത്യൻ സമൂഹത്തിന്റെ പിതൃസ്ഥാനനീയനായിരുന്ന ഖിംജി ഉഭയകക്ഷി പങ്കാളിത്തത്തിന് വലിയ സംഭാവനകൾ നൽകിയെന്ന് ഒമാനിലെ ഇന്ത്യൻ സ്ഥാനപതി മുനു മാഹാവർ പറഞ്ഞു.
1936-ൽ മസ്‌ക്കറ്റിൽ ജനിച്ച കനക്‌സി ഖിംജി മുംബൈയിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അഞ്ചു പതിറ്റാണ്ടോളം വ്യവസായ സംരംഭങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹത്തിന് സമൂഹത്തിന്റേയും സമ്പദ് വ്യവസ്ഥയുടേയും വളർച്ചയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് ഒമാനി പൗരത്വം നൽകിയിട്ടുണ്ട്. 1970ലാണ് 144 വർഷത്തോളം പഴക്കമുള്ള കുടുംബ ബിസിനസിന്റെ നേതൃസ്ഥാനം ഏറ്റെടുത്തത്.
ഒമാനിലെയും ഇന്ത്യയിലെയും സാമൂഹിക പ്രവർത്തനങ്ങളോടുള്ള തീക്ഷ്ണമായ പ്രതിബദ്ധതയെ മാനിച്ച് ഗൾഫ് മേഖലയിൽ പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ലഭിച്ച ആദ്യത്തെ വ്യക്തി കൂടിയാണ് കനക്‌സി.
1975 ൽ മസ്‌കറ്റിൽ ഒമാനിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം ഇന്ത്യൻ സ്‌കൂൾ സ്ഥാപിക്കുന്നതിൽ കനക്‌സി പ്രധാന പങ്കുവഹിച്ചു. കനക്‌സി ഗോകൽദാസ് ഖിംജിയോടുള്ള ബഹുമാനാർത്ഥം എല്ലാ സ്‌കൂളുകളും ഇന്ന് അടച്ചിടുമെന്ന് ഇന്ത്യൻ സ്‌കൂളുകൾ പ്രസ്താവന ഇറക്കിയിട്ടുണ്ട്.