വീഴ്ചയിൽ പരുക്ക്; ഗൗരിയമ്മ ആശുപത്രിയിൽ

തിരുവനന്തപുരം; വീഴ്ചയിൽ കാലിനു പരുക്കേറ്റതിനെത്തുടർന്നു കെ.ആർ.ഗൗരിയമ്മയെ ഇടപ്പള്ളി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിന്റെ എല്ലിനു പൊട്ടലുണ്ടെങ്കിലും ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ചെറിയ ശസ്ത്രക്രിയ വേണ്ടി വന്നേക്കാമെന്നും എന്നാൽ പ്രായാധിക്യം ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂ എന്നും അധികൃതർ അറിയിച്ചു. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ല.
ഇന്നലെ രാവിലെയാണു കിടപ്പുമുറിയിലെ കട്ടിലിൽ നിന്നു വീണ് അപകടമുണ്ടായത്. തുടർന്നു കാലിനു വേദനയും നീരും അനുഭവപ്പെട്ടിരുന്നു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർ പരിശോധിച്ചപ്പോൾ അരക്കെട്ടിനു സമീപം ഇടത്തെ കാലിൽ പൊട്ടൽ ഉണ്ടായതായി കണ്ടെത്തി.തുടർന്ന്, വിദഗ്ധ പരിശോധനയ്ക്കായി ഇന്നലെ ഉച്ചയോടെ അമൃത ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു സന്ദർശകർക്കു കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്.