സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ; പവന് വില ₹90,000 കവിഞ്ഞു

സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി — പവന് വില ₹90,000 കവിഞ്ഞു. മുൻ റെക്കോർഡുകൾ തകർത്തുകൊണ്ടാണ് സ്വർണം ഒരു ലക്ഷത്തിന്റെ നിരക്കിലേക്ക് മുന്നേറുന്നത്. ഇന്ന് പവന് ₹90,320 എന്ന വിലയിലാണ് വ്യാപാരം നടക്കുന്നത്. ഒറ്റദിവസം കൊണ്ട് പവന് ₹840 രൂപയും ഗ്രാമിന് ₹105 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് സ്വർണവില ₹11,290 ആയി. ഈ മാസം ഇതുവരെ മാത്രം പവന് ₹3,320 രൂപയാണ് കൂടിയത്.
അന്താരാഷ്ട്ര വിപണിയിലും സ്വർണവില കുതിച്ചുയരുകയാണ്. തിങ്കളാഴ്ച ആദ്യമായി ഔൺസിന് $4,000 കവിഞ്ഞ് സ്വർണം പുതിയ റെക്കോർഡ് സൃഷ്ടിച്ചു. യുഎസ് സ്പോട്ട് ഗോൾഡ് 0.7% ഉയർന്ന് ഔൺസിന് $4,011.18 ആയി, യുഎസ് ഗോൾഡ് ഫ്യൂച്ചറുകൾ 0.7% ഉയർന്ന് ഔൺസിന് $4,033.40 ആയി.
സെപ്റ്റംബർ 9-നാണ് സ്വർണവില ആദ്യമായി പവന് ₹80,000 കടന്നത്. തുടർന്ന് തുടർച്ചയായ ദിവസങ്ങളിൽ നിരക്ക് ഉയർന്നതോടെ ഓരോ ദിവസവും പുതിയ റെക്കോർഡുകൾയാണ് രൂപപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളിൽ ഒന്നാണ് ഇന്ത്യ. വർഷം തോറും ടൺ കണക്കിന് സ്വർണം ഇന്ത്യ ഇറക്കുമതി ചെയ്യുന്നതിനാൽ ആഗോള വിപണിയിലെ ചെറു മാറ്റങ്ങളും നേരിട്ട് ആഭ്യന്തര വിപണിയിൽ പ്രതിഫലിക്കുന്നു.
എന്നാൽ, രാജ്യാന്തര വിപണിയിൽ സ്വർണവില കുറയുന്ന പക്ഷം ഇന്ത്യയിൽ വില താഴണമെന്നില്ല. രൂപയുടെ മൂല്യം, ആഭ്യന്തര ആവശ്യകത, ഇറക്കുമതി തീരുവ തുടങ്ങിയ ഘടകങ്ങളാണ് ഇന്ത്യയിലെ സ്വർണവില നിർണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്.
Tag: Gold prices in the state are at an all-time high; Pawan price crosses ₹90,000