കേരളത്തിൽ സെപ്തംബറിൽ മാത്രം കോവിഡ് ബാധിതർ ഒരു ലക്ഷം കടന്നു

തിരുവനന്തപുരം: ഓഗസ്റ്റ് അവസാനിക്കുമ്പോൾ കേരളത്തിലെ ആകെ ബാധിതർ 75,385 ഉം, കോവിഡ് മരണം 297 ഉം ആയിരിന്നു. ഇന്നലെ വരെ ആകെ കോവിഡ് ബാധിതർ 1,79,922 ഉം, കോവിഡ് മരണങ്ങൾ 719 ഉം ആയി. സെപ്ടംബറിൽ മാത്രം 1,04,537 പേർക്ക് ഇന്നലെ വരെ കോവിഡ് ബാധിച്ചു.
സെപ്റ്റംബറിലെ കോവിഡ് മരണം 422 ആയും ഉയർന്നു. തിരുവനന്തപുരം ജില്ലയിൽ തന്നെയാണ് കോവിഡ് ബാധിതരുടെയും മരണത്തിന്റെ എണ്ണവും കൂടുതൽ. 32559 പേർക്ക് തിരുവനന്തപുരത്ത് കോവിഡ് ബാധിച്ചപ്പോൾ 217 പേർ രോഗമൂലം ബാധിച്ച് മരിച്ചു. കോഴിക്കോട് 70 ഉം, മലപ്പുറത്ത് 67 ഉം എറണാകുളത്ത് 61 ഉം, കാസർഗോഡ് 51 പേർ കോവിഡ് ബാധിച്ച് മരിച്ചു.
പ്രതിദിനം ശരാശരി 5 മരണം എന്നത് ഇപ്പോൾ ശരാശരി 20 മരണമായി ഉയർന്നു. മരണ നിരക്കും ഉയരുകയാണ്. കോവിഡ് മുക്തരാകുന്നവരുടെ കണക്കിൽ കേരളം പിറകിലാണ്. റിവേഴ്സ് ക്വാറന്റീന്റെ ഭാഗമായി സർക്കാർ നടത്തിയ കണക്കെടുപ്പിൽ 42.49 ലക്ഷം വയോജനങ്ങളുടെ വിവരങ്ങൾ സമാഹരിച്ചിരുന്നു. ഇതിൽ 59 ശതമാനവും ഏതെങ്കിലും രോഗത്തിന് മരുന്ന് കഴിക്കുന്നവരാണ്.