BusinessCrimeKerala NewsLatest NewsLaw,News

സ്വപ്ന സുരേഷിന്റെ ഫോണിൽ ഉന്നതരുമായി ബന്ധം, ഭരണപക്ഷത്തെ ചില രാഷ്ട്രീയ നേതാക്കൾക്കും, ഉദ്യോഗസ്ഥർക്കും,പലതവണ വിളി പോയി.

സ്വർണക്കടത്തുകേസിൽ കസ്റ്റംസ് തേടുന്ന കള്ളക്കടത്ത് കില്ലാഡി സ്വപ്ന സുരേഷിന്റെ ഫോൺ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഉന്നതരുമായുള്ള ബന്ധം കേന്ദ്ര ഏജൻസികൾ കണ്ടെത്തി. തിരുവനന്തപുരത്തെ കോൺസുലേറ്റിലെയും സംസ്ഥാന സർക്കാരിലെയും ചില ഉദ്യോഗസ്ഥരെ സ്വപ്ന നിരന്തരം ബന്ധപ്പെട്ടിരുന്നതായാണു വിവരം. ഭരണപക്ഷത്തെ ചില രാഷ്ട്രീയ നേതാക്കളുടെ ഫോണിലേക്കും പലതവണ വിളി പോയി. ചില ഉദ്യോഗസ്ഥരുടെ നമ്പറിലേക്കു പത്തിലേറെ തവണ വിളിച്ചിട്ടുണ്ട്. ചില ഉദ്യോഗസ്ഥരുടെ നമ്പറിലേക്കു പത്തിലേറെ വിളി പോയ ദിവസങ്ങളുമുണ്ട്. കേന്ദ്ര ഏജൻസികളും കസ്റ്റംസും ഇക്കാര്യം വിശദമായി പരിശോധിക്കുകയാണ്. സ്വപ്ന ഇപ്പോൾ ഒളിവിലാണ്. അവർ മുൻകൂർ ജാമ്യത്തിനു ശ്രമിക്കുന്നതായ സൂചനകളും ഉണ്ട്.

കോൺസുലേറ്റിലെ ചില ഉദ്യോഗസ്ഥർക്ക് സ്വപ്നയുമായുള്ള ബന്ധവും അന്വേഷിച്ചുവരുകയാണ്. കോൺസുലേറ്റ് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനു കസ്റ്റംസിനു ചില പരിമിതിയുണ്ട്. 2 രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്നതിനാൽ നല്ല കരുതലോടെയാണ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. ഐബി, റോ ഏജൻസികളും സ്വർണ്ണം വന്ന വഴിയെ പറ്റി വിദേശത്ത് അടക്കം അന്വേഷണം തുടങ്ങി. 2019 മേയ് 13ന് 25 കിലോ സ്വർണം ഡിആർഐ പിടികൂടിയ സംഭവത്തിലെ പ്രതികൾക്ക് ഇപ്പോൾ പിടിയിലായ സരിത്തുമായും സ്വപ്നയുമായും ബന്ധമുണ്ടോയെന്ന കാര്യം ഡിആർഐ പരിശോധിച്ചുവരുകയാണ്.

നഗരത്തിലെ ചില പഞ്ചനക്ഷത്ര ഹോട്ടലുകളിൽ നടന്ന വിരുന്നുകളിൽ ഡിആർഐ പിടികൂടിയ സംഭവത്തിലെ പ്രതികൾക്കൊപ്പം, ഇവർ ഒരുമിച്ച് പങ്കെടുത്തതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് അന്വേഷണം നടക്കുന്നത്. 25 കിലോ സ്വർണം പിടികൂടിയ കേസിൽ കസ്റ്റംസ് അടക്കമുള്ളവർ അപ്പോൾ അറസ്റ്റിലായിരുന്നു. കേസ് ഇപ്പോൾ സിബിഐയും അന്വേഷിച്ചുവരുകയാണ്. ആവശ്യമെന്നു കാണുന്ന പക്ഷം ഐടി വകുപ്പിലെ ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുമെന്ന് കസ്റ്റംസ് അധികൃതർ വ്യക്തമാക്കുന്നുണ്ട്. സരിത്തും സ്വപ്നയും വിദേശത്തേക്കു നടത്തിയ യാത്രകളെക്കുറിച്ചും കോൺസുലേറ്റിൽനിന്ന് ഇവർ പുറത്തായ
കാര്യ കാരണങ്ങളെ പറ്റിയും അന്വേഷിക്കും. പുറത്തായിട്ടും സരിത്തിനു കോൺസുലേറ്റിലെ നയതന്ത്ര ബാഗേജ് കൈപ്പറ്റാൻ ഉള്ള അധികാരം ആര് നല്കിയെന്നതും, എങ്ങനെ ലഭിച്ചുവെന്നു കേന്ദ്ര ഏജൻസികൾ അന്വേഷിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button