പക്ഷിപ്പനി ബാധ സർക്കാർ നഷ്ടപരിഹാരം നൽകും.

തിരുവനന്തപുരം/ പക്ഷിപ്പനി ബാധയെ തുടർന്ന് പക്ഷികളെ കൊന്നൊടുക്കുന്ന സാഹചര്യത്തിൽ സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. രണ്ട് മാസത്തില്‍ അധികം പ്രായമുള്ള പക്ഷിക്ക് 200 രൂപയും രണ്ട് മാസത്തിനു താഴെപ്രായമുള്ള പക്ഷിക്ക് 100 രൂപയും നഷ്ടപരിഹാരം നൽകാൻ മന്ത്രിസഭ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. നശിപ്പിച്ച മുട്ട ഒന്നിന് അഞ്ച് നല്‍കും. കഴിഞ്ഞ വര്‍ഷം നല്‍കിയ നിരക്കിലാണ് ഈ വർഷവും നഷ്ടപരിഹാര തുക നൽകുക.
പക്ഷിപനി ബാധ ഉണ്ടായ പ്രദേശത്ത് പത്ത് ദിവസത്തെ കര്‍ശന നിരീക്ഷണം തുടരുന്നതാണ്. സ്ഥലത്ത് നിന്ന് വീണ്ടും സാമ്പിള്‍ പരിശോധ നടത്തും. വീടുകളില്‍ വളര്‍ത്തുന്ന പക്ഷികളെ അടക്കം കൊല്ലാനാണ് മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്ത് പ്രതിരോധ നടപടികള്‍ സ്വീകരിക്കും. പ്രദേശത്ത് കര്‍ശന ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. പക്ഷിപ്പനി ബാധയെ തുടർന്ന് ആലപ്പുഴ കുട്ടനാട്ടില്‍ പക്ഷികളെ കൊന്നു തുടങ്ങി. ചൊവ്വാഴ്ച മാത്രം ആലപ്പുഴയിലെ കരുവാറ്റ, പളളിപ്പാട്, തകഴി, നെടുമുടി പഞ്ചായത്തുകളിലായി 20330 പക്ഷികളെയാണ് കൊന്നത്. മേഖലകളിലുള്ള ബാക്കി പക്ഷികളെയും കൊല്ലും. ബുധൻ വ്യാഴം ദിവസങ്ങളിലായി ഈ പ്രക്രിയ പൂര്‍ത്തിയാക്കാനാണ് മൃഗ സംരക്ഷണ വകുപ്പ് ഉദ്ദേശിക്കുന്നത്.