കാറിൽ പിൻ സീറ്റിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച രണ്ട് കോടിയോളം രൂപയുടെ സ്വർണം പിടിച്ചു, രണ്ടുപേർ അറസ്റ്റിലായി.

കാസർഗോഡ് /കോഴിക്കോട് നിന്ന് കർണാടക രജിസ്ട്രേഷൻ കാറിൽ പിൻ സീറ്റിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച രണ്ട് കോടിയോളം രൂപ വിലവരുന്ന നാല് കിലോഗ്രാം സ്വർണം കാസർകോട് കസ്റ്റംസ് പിടികൂടി. കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ സ്വർണവും, അത് കടത്തി കൊണ്ട് വരുകയായിരുന്ന രണ്ട് കർണാടക സ്വദേശികളെയും കസ്റ്റംസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കാറിന്റെ പിൻ സീറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം ഉണ്ടായിരുന്നത്. കട്ടകളാക്കി കടത്താനായിരുന്നു ലക്ഷ്യം.
പള്ളിക്കര ടോൾ ഗേറ്റിന് സമീപത്ത് നിന്നാണ് അസിസ്റ്റൻ്റ് കമ്മീഷണർ ഇ വികാസിൻ്റെ നേതൃത്വത്തിലുള്ള സംഘം സ്വർണം പിടികൂടുന്നത്. പിടികൂടിയ നാല് കിലോഗ്രാം സ്വർണത്തിന് രണ്ട് കോടിയോളം രൂപ വില വരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കർണാടക സ്വദേശികളായ തുഷാർ, ജ്യോതിറാം എന്നിവരാണ് കസ്റ്റംസിൻ്റെ പിടിയിലായിരിക്കുന്നത്.
അതേസമയം, കരിപ്പൂര്‍ വിമാനത്താവളത്തിലെ സിബിഐ റെയ്ഡുമായി ബന്ധപ്പെട്ട് നാല് കസ്റ്റംസ് ഉദ്യോഗസ്ഥരെ കൂടി കസ്റ്റംസ് പ്രിവന്‍റീവ് കമ്മീഷണർ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യുകയുണ്ടായി. കസ്റ്റംസ് സൂപ്രണ്ടുമാരായ ആശ, സത്യേന്ദ്ര സിംഗ്, ഇൻസ്പെക്ടർമാരായ സുധീർ കുമാർ, യാസർ അരാഫത്ത് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. സി ബി ഐ നടത്തിയ റെയ്‌ഡുമായി ബന്ധപെട്ടു ഇതോടെ 8 ഉദ്യോഗസ്ഥന്മാരാണ് സസ്പെൻഷനിൽ ആവുന്നത്. നാല് ഉദ്യോഗസ്ഥർ കഴിഞ്ഞ ആഴ്ചയാണ് സസ്പെൻഡ് ചെയ്യപ്പെട്ടത്. സിബിഐ റെയ്ഡിൽ സ്വർണം കടത്തിയ 24 പേരെ സി ബി ഐ പിടികൂടിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കസ്റ്റംസ് പ്രിവന്‍റീവ് കമ്മീഷണർ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരിക്കുകയാണ്.