സ്വർണ്ണക്കടത്ത്, എം ശിവശങ്കറിനെ ഇ ഡി വീണ്ടും ചോദ്യം ചെയ്യും.

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്യും. എം ശിവശങ്കറും ചാർട്ടേഡ് അക്കൗണ്ടന്റായ വേണുഗോപാലും തമ്മിലുള്ള വാട്‌സ് ആപ്പ് സന്ദേശം അന്വേഷണ സംഘം കണ്ടെത്തിയിരുന്നതാണ്. സ്വപ്നയുടെ ബാങ്ക് ലോക്കർ സംബന്ധിച്ചാണ് സന്ദേശം. പണം കൈമാറുന്നതിനെ കുറിച്ച് സന്ദേശങ്ങളിൽ പറയുന്നുണ്ട്. ഡിജിറ്റൽ തെളിവുകൾ ലഭിച്ച ശേഷം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. ശിവശങ്കറിനെതിരെ കൂടുതൽ അന്വേഷണം വേണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലും പ്രത്യേകം എടുത്ത് പറഞ്ഞിട്ടുണ്ട്. നേരത്തെ നടന്ന ചോദ്യം ചെയ്യലുകളിൽ സ്വപ്നയുടെ അക്കൗണ്ടിലേയും, ലോക്കറിലെയും പണം സംബന്ധിച്ച ചോദ്യങ്ങൾക്കും,മറ്റും തനിക്കൊന്നും അറിയില്ലെന്ന മട്ടിൽ ശിവശങ്കരൻ മൗനം പാലിക്കുകയായിരുന്നു.
ശിവശങ്കർ ചോദ്യങ്ങൾക്ക് മുന്നിൽ മൗനം പാലിച്ചുവെന്നും അതിനാൽ കൂടുതൽ അന്വേഷണം വേണമെന്നും പ്രാഥമിക കുറ്റപത്രത്തിൽ പോലും പറയുന്നുണ്ട്. എം ശിവശങ്കറിനെതിരെ സ്വർണക്കടത്ത് കേസ് കുറ്റപത്രത്തിൽ ഗുരുതര പരാമർശങ്ങളാണ് ഇ.ഡി നടത്തിയിരിക്കുന്നത്.
സ്വപനയും സരിത്തും സന്ദീപും ചേർന്ന് കള്ളപ്പണ ഇടപാട് നടത്തിയെന്ന് ഇ.ഡി കുറ്റപത്രത്തിൽ പറയുന്ന ഇടപാടുകളിൽ ശിവശങ്കറിന് ബന്ധമുള്ളതിന്റെ സൂചനകളാണ് ഇത് നൽകുന്നത്. പ്രതികളുടെ പക്കൽ അനധികൃത സ്വത്തുകൾ കണ്ടെത്തിയിട്ടുണ്ട്. വരവിൽ കവിഞ്ഞ ബാങ്ക് നിക്ഷേപം ഉണ്ട്. രേഖകൾ ഇല്ലാതെയാണ് ഇവയെല്ലാം നടത്തിയിരിക്കുന്നത്. ഇതെല്ലാം കള്ളപ്പണ ഇടപാടുകൾ നടന്നതിന് തെളിവാണെന്ന് ആണ് ഇ.ഡി വാദിച്ചത്.