Kerala News

ഗൂഗിള്‍ മാപ്പ് ചതിച്ചു;ഒരു രാത്രി മുഴുവന്‍ ഉള്‍വനത്തില്‍ കുടുങ്ങി കുടുംബം !

ഗൂഗിള്‍ മാപ്പ് ഉപയോഗിച്ചു സഞ്ചരിച്ച കുടുംബം വഴി തെറ്റി കൊടുംകാട്ടില്‍ അകപ്പെട്ടു .ഒരു രാത്രി മുഴുവന്‍ ഉള്‍വനത്തില്‍ അകപ്പെട്ട ഇവരെ 9 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് മൂന്നാര്‍ അഗ്‌നിശമന സേന രക്ഷപ്പെടുത്തിയത് . തൃശൂര്‍ സ്വദേശിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഡോ. നവാബ് വാജിദ്, ഭാര്യ ഡോ. മേയ്മ, ബന്ധു ഷാന എന്നിവരാണ് മാട്ടുപ്പെട്ടിയില്‍ ആനയും പുലിയും കടുവയും കാട്ടുപോത്തുമൊക്കെ വിലസുന്ന കുറ്റിയാര്‍വാലി വനത്തില്‍ അകപ്പെട്ടത് .ഇവര്‍ക്കു വഴി തെറ്റിയത് ടോപ് സ്റ്റേഷനും വട്ടവടയും സന്ദര്‍ശിച്ച് തിരിച്ച് വരുന്നതിനിടെയാണ് .

ദേവികുളത്തെ സ്വകാര്യ റിസോര്‍ട്ടില്‍ താമസിച്ചിരുന്ന ഇവര്‍ ഈ റിസോര്‍ട്ടിലെത്താന്‍ ഗൂഗിള്‍ മാപ്പിന്റെ സഹായം തേടി. മാട്ടുപ്പെട്ടി എട്ടാം മൈലില്‍ എത്തിയപ്പോള്‍ മൂന്നാര്‍ റൂട്ടില്‍ നിന്നു തിരിഞ്ഞ് കുറ്റിയാര്‍വാലി റൂട്ടിലേക്ക് പ്രവേശിച്ചു. ഇതുവഴിയും ദേവികുളത്തിനു പോകാമെങ്കിലും ഇടയ്ക്കുവച്ചു വീണ്ടും വഴി തെറ്റുകയായിരുന്നു

ഉള്‍വനത്തില്‍ വഴി അറിയാതെ തേയിലത്തോട്ടത്തിലൂടെയും വനത്തിലൂടെയും 5 മണിക്കൂര്‍ കറങ്ങിയ ഇവരുടെ വാഹനം അര്‍ധരാത്രി കൊടുംകാട്ടില്‍ ചെളിയില്‍ പൂണ്ടു പോയിരുന്നു . മൊബൈല്‍ സിഗ്‌നല്‍ തീരെ കുറവായിരുന്ന ഇവിടെ നിന്ന് ഇവര്‍ ഫയര്‍ഫോഴ്സിന്റെ നമ്പറിലേക്ക് ലൊക്കേഷന്‍ അയച്ചു സന്ദേശം നല്‍കി. തുടര്‍ന്ന് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ ഷാജിഖാന്റെ നേതൃത്വത്തില്‍ 9 അംഗ സംഘം പുലര്‍ച്ചെ ഒന്നരയോടെ കുറ്റിയാര്‍വാലിയിലെത്തി തിരച്ചില്‍ ആരംഭിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല . ലൊക്കേഷന്‍ മാപ്പില്‍ ഇവര്‍ നില്‍ക്കുന്ന സ്ഥലം തിരിച്ചറിയാന്‍ എളുപ്പമായിരുന്നില്ല എന്നതാണ് സത്യം .

കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ഫയര്‍ഫോഴ്സ് സംഘം റേഞ്ച് ഉള്ള ഭാഗത്തെത്തി വീണ്ടും ഇവരെ ബന്ധപ്പെട്ടു. കുറ്റിയാര്‍വാലിയിലെ ഉയര്‍ന്ന പ്രദേശത്തെത്തി വാഹനത്തിന്റെ സെര്‍ച്ച് ലൈറ്റ് പ്രകാശിപ്പിച്ചു. ഈ വെളിച്ചം കണ്ടതോടെ നവാബ് അവരുടെ കാറിന്റെ ലൈറ്റ് ഇട്ടു. തുടര്‍ന്ന് നാല് മണിയോടെ രക്ഷാപ്രവര്‍ത്തകര്‍ ഇവരുടെ അടുത്തെത്തി ചേര്‍ന്ന് .

ചെളിയിലാണ്ടു പോയ വാഹനം ഒന്നര മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് കരയ്ക്കുകയറ്റിയത് . ശേഷം ഇവരെ കാടിന് പുറത്തെത്തിച്ചു . കാട്ടാനകളുടെ താവളമായ ഈ മേഖലയില്‍ 8 വര്‍ഷം മുന്‍പ് തോട്ടം തൊഴിലാളി സ്ത്രീയെ കടുവ ആക്രമിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് . സീനിയര്‍ ഫയര്‍ ഓഫിസര്‍മാരായ തമ്പിദുരൈ, വി.കെ.ജീവന്‍കുമാര്‍, ഫയര്‍ ഓഫിസര്‍മാരായ വി.ടി.സനീഷ്, അജയ് ചന്ദ്രന്‍, ആര്‍.രാജേഷ്, എസ്.വി. അനൂപ്, ഡാനി ജോര്‍ജ്, കെ. എസ്. കൈലാസ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത് .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button