സൗദി അറേബ്യയിൽ ഇനി ഗൂഗിൾ പേ സേവനവും ; സൗദി സെൻട്രൽ ബാങ്ക് അറിയിച്ചു
ഇൻഫ്രാസ്ട്രക്ചർ പദ്ധതികളുടെ ഭാഗമാണ് ഗൂഗിൾ പേ സേവനത്തിന്റെ ഈ തുടക്കം

റിയാദ്: സൗദി അറേബ്യയിൽ ഗൂഗിൾ പേ സേവനത്തിന് ഔദ്യോഗിക തുടക്കം. റിയാദ് എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ നടന്ന മണി 20/20 മിഡിൽ ഈസ്റ്റ് പരിപാടിക്കിടെ സൗദി അറേബ്യയിൽ ഗൂഗിൾ പേ ആരംഭിക്കുമെന്ന് സൗദി സെൻട്രൽ ബാങ്ക് (സാമ) അറിയിച്ചു.
സൗദി അറേബ്യയിലെ നാഷണൽ പേയ്‌മെന്റ് സിസ്റ്റം (മാഡ) വഴിയാണ് ഗൂഗിൾ പേ പ്രവർത്തിക്കുക. സാമ്പത്തിക രംഗം വികസിപ്പിക്കാനും, പണരഹിത ഇടപാടുകളുടെ വിഹിതം 2025-ഓടെ 70 ശതമാനമായി ഉയർത്താനും ലക്ഷ്യമിട്ടുള്ള സൗദി വിഷൻ 2030-ൻ്റെ ഭാഗമായാണ് ഈ നീക്കങ്ങൾ. സൗദി വിഷൻ 2030-ന്റെ പ്രധാന ഘടകങ്ങളിലൊന്നായ ഫിനാൻഷ്യൽ സെക്ടർ ഡെവലപ്‌മെൻ്റ് പ്രോഗ്രാമിന്റെ ലക്ഷ്യങ്ങളെ പിന്തുണച്ചുകൊണ്ട് സൗദി അറേബ്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം മെച്ചപ്പെടുത്താനുള്ള സാമയുടെ തുടർച്ചയായ ശ്രമങ്ങൾക്ക് ഇത് കരുത്തേകും.
‘ഗൂഗിൾ പേ സേവനം, ഉപയോക്താക്കൾക്ക് അവരുടെ ‘മാഡ’കാർഡുകളും ക്രെഡിറ്റ് കാർഡുകളും ഗൂഗിൾ വാലറ്റ് ആപ്ലിക്കേഷനിൽ സൗകര്യപ്രദമായി ചേർക്കാനും കൈകാര്യം ചെയ്യാനും കഴിയുന്ന, നൂതനവും സുരക്ഷിതവുമായ ഒരു പേയ്മെൻ്റ് അനുഭവം നൽകുന്നു.ഡിജിറ്റൽ പേയ്മെന്റ് അനുഭവം മെച്ചപ്പെടുത്തുന്നതിനും സൗദി വിപണിയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി രൂപകൽപ്പന ചെയ്ത ഒട്ടനവധി മാർക്കറ്റ് ഇൻഫ്രാസ്ട്രക്ചർ പദ്ധതികളുടെ ഭാഗമാണ് ഗൂഗിൾ പേ സേവനത്തിന്റെ ഈ തുടക്കം. ഇത് ഫിൻടെക് സൊല്യൂഷനുകളിൽ ആഗോളതലത്തിൽ സൗദി അറേബ്യയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തും’- സൗദി സെൻട്രൽ ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു.