CharityKerala NewsLatest NewsNews

സഹായം ചെയ്യുന്നതിന്റെ പേരില്‍ വേട്ടയാടപ്പെടുകയാണെന്ന്, ചാരിറ്റി പ്രവര്‍ത്തനം നിര്‍ത്തുകയാണെന്ന് ഫിറോസ് കുന്നംപറമ്പില്‍

ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ നിന്ന് പിന്മാറിയേക്കുമെന്ന സൂചന നല്‍കി ഫിറോസ് കുന്നംപറമ്പില്‍. ചികിത്സാ സഹായ അഭ്യര്‍ത്ഥനകളുമായി എത്തിയവരോട് വൈകാരികമായി പ്രതികരിച്ച ഫിറോസ് താന്‍ സഹായം ചെയ്യുന്നതിന്റെ പേരില്‍ വേട്ടയാടപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടി. സഹായിച്ചിട്ട് ഞാന്‍ കള്ളാനാകേണ്ട ആവശ്യമുണ്ടോയെന്ന് ഫിറോസ് ചോദിച്ചു.

രോഗികളെ സന്തോഷത്തോടെ ഏല്‍പിക്കുക, കൊടുത്തുകഴിയുമ്പോള്‍ നമ്മളെ കള്ളനാക്കുന്ന രീതിയിലൊക്കെ വലിയ മനപ്രയാസമുണ്ട്. സഹായിച്ച ആളുകള്‍ കള്ളനാകുന്ന സാഹചര്യം. എന്തിനാണിങ്ങനെ പ്രവര്‍ത്തിക്കുന്നത്. വീട്ടില്‍ മനസ്സമാധാനമില്ലാതെ കിടക്കേണ്ട സാഹചര്യമുണ്ടാകുന്നു. എനിക്ക് വയ്യ, ഇങ്ങനെ പരാതി കേട്ട് ഇങ്ങനെ ചെയ്യാന്‍. ഒരാള്‍ മൊബൈലുമായി വന്ന് ഫിറോസ് കള്ളനാണ് എന്ന് പറയിപ്പിച്ച് എന്നെ കള്ളനാക്കേണ്ട കാര്യമില്ലെന്നും ഫിറോസ് ഫേസ്ബുക്ക് ലൈവില്‍ പ്രതികരിച്ചു.

കോടിക്കണക്കിന് രൂപയുടെ സഹായം ചെയ്തിട്ട് എന്നെ കള്ളനാക്കാന്‍ ശ്രമിക്കുമ്പോള്‍ എന്റെ അഭിമാനമാണ് തകര്‍ന്നുപോകുന്നത്. ഒന്നും ചെയ്യാതെ മിണ്ടാതെ നിന്നാല്‍ അത്രയെങ്കിലും സമാധാനം എന്ന തരത്തിലാണ് ഇപ്പോള്‍ പോകുന്നത്. എന്തായാലും നിങ്ങളുടെ അപേക്ഷകള്‍ ഞാന്‍ വാങ്ങിച്ചുവെയ്ക്കും. ബാക്കിയുള്ള കാര്യങ്ങള്‍ പിന്നെ പരിഗണിക്കുമെന്നും ഫിറോസ് അപേക്ഷകരോട് പറഞ്ഞു.

ഇത്രയുമധികം തെറിവിളികള്‍ കേട്ട് തനിക്ക് ചാരിറ്റി നടത്തേണ്ട കാര്യമില്ല. തനിക്ക് കുടുംബം ഉണ്ടെന്നുപോലും ചിന്തിക്കാതെയാണ് ചിലര്‍ ആരോപണങ്ങളുമായി രംഗത്ത് വന്നത്. കള്ളന്റെ മക്കളെന്ന പേര് കേട്ട് തന്റെ മക്കള്‍ വളരരുതെന്നാണ് ആഗ്രഹം. അതുകൊണ്ട് തത്കാലം സഹായങ്ങള്‍ നിര്‍ത്തുകയാണ്. പ്രശ്നങ്ങളും വിവാദങ്ങളും തീരട്ടെ. മാനസികമായി താന്‍ തളര്‍ന്നിരിക്കുകയാണ്. താന്‍ ബാങ്ക് രേഖകള്‍ സൂക്ഷിക്കാറില്ല. കണക്കുകളില്‍ ചിലതൊന്നും എഴുതാറില്ല. അത് എനിക്കും പടച്ചവനും മാത്രമേ അറിയൂ. രണ്ടു വര്‍ഷം മുന്‍പ് നടന്ന സംഭവത്തെക്കുറിച്ച് തന്നോട് ഒന്നും ചോദിക്കേണ്ട. ഒന്നും ഓര്‍മയില്ല, എല്ലാ കാര്യങ്ങളും ഓര്‍ത്തിരിക്കാന്‍ താന്‍ കമ്പ്യൂട്ടറല്ലെന്നും ഫിറോസ് പറഞ്ഞു.

തന്റെ വിശ്വാസ്യത തകര്‍ക്കാനും വ്യക്തിഹത്യ ചെയ്യാനുമുളള രണ്ട് പേരുടെ ശ്രമങ്ങളുടെ ഭാഗമാണ് തനിക്കെതിരെ വയനാട്ടില്‍ നിന്ന് ഉയര്‍ന്ന പരാതിയെന്ന് ഫിറോസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കുട്ടിയുടെ ചികിത്സയ്ക്കായി പിരിച്ചെടുത്ത പണം ഫിറോസ് കുന്നുംപറമ്പില്‍ തട്ടിയെടുത്തെന്ന് വയനാട് സ്വദേശികള്‍ മാനന്തവാടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഫിറോസ് കുന്നംപറമ്പിലിനെതിരെ കേസെടുത്തെന്നും അറസ്റ്റിലായെന്നും വാര്‍ത്തകള്‍ വന്നു. കേസ് എടുത്തിട്ടില്ലെന്നായിരുന്നു ഫിറോസ് കുന്നംപറമ്പിലിന്റെ പ്രതികരണം. കുട്ടിയുടെ മാതാപിതാക്കള്‍ക്ക് പണം കൈമാറിയതിന്റെ സ്റ്റേറ്റ്മെന്റ് തന്റെ കൈയ്യിലുണ്ടെന്നും സാമ്പത്തിക കുറ്റാരോപണം ആയതുകൊണ്ട് പ്രാഥമികാന്വേഷണം നടത്താതെ പ്രതിയാക്കില്ലെന്നും ഫിറോസ് പറഞ്ഞു.

ഫിറോസിന്റെ വാക്കുകള്‍

“മാനന്തവാടി പൊലീസ് എന്റെ മൊഴി രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത്. അറസ്റ്റ് ചെയ്യുകയോ കേസെടുക്കുകയേ ചെയ്തിട്ടില്ല.സാമ്പത്തിക കുറ്റാരോപണം ആയതുകൊണ്ട് പ്രാഥമികാന്വേഷണം നടത്താതെ പ്രതിയാക്കില്ല. എനിക്കെതിരെ കേസെടുക്കാന്‍ ഒരു തെളിവുപോലുമില്ല. പണം നല്‍കിയതിന്റേയും മറ്റൊരു രോഗിക്ക് കൈമാറിയതിന്റേയും കൃത്യമായ സ്റ്റേറ്റ്‌മെന്റുകള്‍ കൈയിലുണ്ട്. അത് ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാവുന്നതാണ്. രോഗിയുടെ കുടുംബത്തെ തെറ്റിദ്ധരിപ്പിച്ച് എന്നെ വ്യക്തിഹത്യ ചെയ്യാന്‍ ശ്രമം നടക്കുന്നു. രണ്ടു പേര്‍ ഒന്നര വര്‍ഷമായി തുടര്‍ച്ചയായി വ്യക്തിഹത്യയ്ക്ക് ശ്രമിക്കുന്നു. ഈ കേസും അതിന്റെ ഭാഗമാണ്. ചികിത്സാ സഹായം സ്വീകരിക്കുന്ന രോഗിയുടെ കുടുംബത്തെ തെറ്റിദ്ധരിപ്പിച്ച് അവരെ എനിക്കെതിരെ ഉപയോഗിക്കുന്നു.

സ്വന്തം ചികിത്സയ്ക്ക് പണം ലഭിച്ച ശേഷം അധികമായി കിട്ടുന്ന തുക ദുരിതമനുഭവിക്കുന്ന മറ്റൊരാള്‍ക്ക് കൈമാറാന്‍ പലരും മടി കാണിക്കുന്നത് വേദനാജനകമാണ്. ധനസഹായം അഭ്യര്‍ത്ഥിക്കുന്നവര്‍ കാര്യം നടന്നുകഴിയുമ്പോള്‍ സമാന സാഹചര്യത്തിലുള്ളവരോട് അനുകമ്പ കാണിക്കാത്തത് ഞെട്ടലുണ്ടാക്കുന്നു. രോഗികളുടെ കുടുംബങ്ങള്‍ ഇങ്ങനെ പെരുമാറിയാല്‍ ജീവകാരുണ്യപ്രവര്‍ത്തനം മുന്നോട്ടുപോകില്ല. തുക അക്കൗണ്ടിലെത്തുമ്പോള്‍ മുഴുവനും വേണം, മറ്റ് രോഗികള്‍ക്ക് കൊടുക്കില്ലായെന്ന് വാശി പിടിക്കുന്നതാണ് പ്രശ്‌നം.

നന്മയുള്ളവര്‍ എന്നിലര്‍പ്പിക്കുന്ന വിശ്വാസമാണ് പണമായി മാറുന്നത്. വീഡിയോ ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് പലരും വരുന്നത് എന്റെ വിശ്വാസ്യത കൊണ്ടാണ്. ഞാനില്ലെങ്കിലും ചാരിറ്റി നടക്കും. വേറെ ആളുകള്‍ ജീവകാരുണ്യപ്രവര്‍ത്തനം നടത്തും. പക്ഷെ, ഞാന്‍ വഴി സഹായം ലഭ്യമായേക്കുന്ന ആളുകളുണ്ട്. അവര്‍ക്ക് വേണ്ടിയാണിത് തുടരുന്നത്. രോഗികളും കുടുംബങ്ങളും ആവശ്യപ്പെടുന്നതുകൊണ്ടാണ് വീഡിയോ ചെയ്യുന്നത്. സ്വന്തം ഫേസ്ബുക്കില്‍ സ്വയം വീഡിയോ ചെയ്താല്‍ ചികിത്സയ്ക്ക് വേണ്ട ഭീമമായ തുക കിട്ടിയേക്കില്ല. എന്നെ വിശ്വസിച്ച് നല്ല മനുഷ്യര്‍ പണം തരുമെന്നതുകൊണ്ടാണ് എന്റെ ആവശ്യകതയുണ്ടാകുന്നതും, എന്നെ വിളിക്കുന്നതും. മറ്റുള്ളവര്‍ക്ക് നന്മ ചെയ്യണമെന്ന് ആഗ്രഹിക്കുന്നവര്‍ ഒടുവില്‍ കുറ്റപ്പെടുത്തലും വിമര്‍ശനവുമാണ് തങ്ങള്‍ക്ക് തിരിച്ചുകിട്ടുക എന്ന് ബോധ്യമുള്ളവരാണ്. അത് സ്വാഭാവികമാണ്.”

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button