ലൈഫ് മിഷൻ, സിബിഐ അന്വേഷണത്തിനെതിരെ ഹൈക്കോടതിയിൽ ഹർജിയുമായി സർക്കാർ

കൊച്ചി; കേരളത്തെ അടുത്ത കാലത്ത് പിടിച്ചുകുലുക്കിയ രാഷ്ട്രീയ അഴിമതിയായിരുന്നു ലൈഫ് മിഷൻ പദ്ധതി. സിബിഐ അന്വേഷണം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.സിബിഐ അന്വേഷണത്തിൽ നിന്ന് രക്ഷപെടാൻ ഹർജിയുമായി സർക്കാർ ഹൈക്കോടതിയിലെത്തി.ലൈഫ് മിഷന് എതിരായ സി.ബി.ഐ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. സി.ബി.ഐ അന്വേഷണം നിയമവിരുദ്ധവും, നിയമവ്യവസ്ഥയെ അപഹസിക്കുന്നത് ആണെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ആരോപിച്ചു.
കരാറിൽ സർക്കാരിന് പങ്കില്ലെന്നും ഫ്ളാറ്റ് നിർമ്മാണത്തിനുളള കരാർ റെഡ് ക്രെസന്റും യൂണിടാകും തമ്മിലാണെന്നും ഹർജിയിൽ സർക്കാർ വിശദീകരിച്ചു. അടിയന്തരമായി ഹർജി പരിഗണിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ അന്വേഷണത്തിനെതിരേ സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. സി.ബി.ഐ അന്വേഷണത്തിനെതിരേ അപ്പീൽ പോവാൻ നേരത്തെ മന്ത്രിസഭ തീരുമാനിച്ചിരുന്നു.ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിദേശസഹായ നിയന്ത്രണ നിയമലംഘനത്തെ കുറിച്ച് സംസ്ഥാന സർക്കാരിനെ അറിയിക്കാതെ സി.ബി.ഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചതാണ് സർക്കാരിനെ പ്രകോപിപ്പിച്ചത്. ഡൽഹി സ്പെഷ്യൽ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് നിയമം അനുസരിച്ചാണ് രാജ്യത്തെ അഴിമതി കേസുകൾ സി.ബി.ഐ അന്വേഷിക്കുന്നത്. ഇതിന് സർക്കാരിന്റെ അനുമതി ആവശ്യമുണ്ട്.പദ്ധതിയുമായി ബന്ധപ്പെട്ട് ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസിനെ അടുത്ത തിങ്കളാഴ്ച ചോദ്യം ചെയ്യാന്‍ സി.ബി.ഐ വിളിപ്പിച്ചതിനിടെയാണ് സര്‍ക്കാരിന്റെ നീക്കം.