keralaKerala NewsLatest News

സർക്കാർ– ഗവർണർ തർക്കം; സർച്ച് കമ്മിറ്റി ചെയർമാനായി വിരമിച്ച ജഡ്ജി സുധാൻഷു ധൂലിയെ നിയമിക്കാൻ സുപ്രിംകോടതി

കേരളത്തിലെ സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ–ഗവർണർ തർക്കം പരിഹരിക്കാൻ സുപ്രീംകോടതി നിർണായക ഇടപെടലുമായി രംഗത്തെത്തി. സർച്ച് കമ്മിറ്റി ചെയർമാനായി വിരമിച്ച ജഡ്ജി സുധാൻഷു ധൂലിയെ നിയമിക്കാനാണ് സുപ്രീംകോടതിയുടെ തീരുമാനം. ബംഗാൾ മോഡൽ നടപ്പാക്കണമെന്നായിരുന്നു കേരള സർക്കാരിന്റെ ആവശ്യം.

സർക്കാരും ഗവർണറും നൽകിയ പട്ടികകളുടെ അടിസ്ഥാനത്തിൽ സർച്ച് കമ്മിറ്റിയെ രൂപീകരിക്കുന്നത് ചെയർമാന്റെ അധികാരത്തിലാണ്. സമിതിയിൽ ഉൾപ്പെടുത്തേണ്ടവർ ആരൊക്കെയാണെന്ന് തീരുമാനിക്കുന്നത് അദ്ദേഹത്തിന്റെ വിവേചനാധികാരമായിരിക്കും. സ്ഥിരം വൈസ് ചാൻസലറായി മൂന്ന് പേരടങ്ങുന്ന പാനൽ രൂപപ്പെടുത്തണമെന്നും, വിജ്ഞാപനം ഉൾപ്പെടെയുള്ള നടപടികൾ ഉടൻ ആരംഭിക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു.

ഇന്ന് സർക്കാർ 10 പേരുടെയും ഗവർണർ 8 പേരുടെയും പട്ടിക സുപ്രീംകോടതിക്ക് കൈമാറിയിരുന്നു. സമിതി അധ്യക്ഷനായി ജഡ്ജിയെ നിയമിക്കണമെന്ന സർക്കാരിന്റെ ആവശ്യം അംഗീകരിച്ച് ആണ് സുപ്രീംകോടതി തീരുമാനം എടുത്തത്. താൽക്കാലിക വി.സി നിയമനം റദ്ദാക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു.

നടപടികൾ പൂർത്തിയാക്കിയ ശേഷം സർക്കാർ റിപ്പോർട്ട് നൽകണമെന്നും, മൂന്ന് മാസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. മൂന്ന് പേരടങ്ങുന്ന പാനൽ അക്ഷരമാലാക്രമത്തിൽ മുഖ്യമന്ത്രിക്ക് കൈമാറണം. അവരിൽ നിന്ന് ഒരാളെ മുഖ്യമന്ത്രിയാണ് നിർദ്ദേശിക്കേണ്ടത്. മുഖ്യമന്ത്രിയുടെ നിർദ്ദേശം ഗവർണർ അംഗീകരിക്കണം. എതിർപ്പുണ്ടെങ്കിൽ ഗവർണർ സുപ്രീംകോടതിയെ അറിയിക്കണം.

സ്ഥിരം വി.സി. നിയമനം പൂർത്തിയായതിന് ശേഷം താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ട വിഷയങ്ങളും പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസ് പിന്നീട് വീണ്ടും പരിഗണിക്കും.

Tag: Government- Governor dispute, Supreme Court, appoint, retired judge, Sudhanshu Dhuli, chairman of search committee

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button