Uncategorized

പുതിയ വിദ്യാഭ്യാസ നയത്തിൽ സർക്കാർ ഇടപെടൽ നാമമാത്രം; പ്രധാനമന്ത്രി

പുതിയ വിദ്യാഭ്യാസ നയത്തില് സർക്കാരിൻറെ ഇടപെടല് നാമമാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഷയങ്ങൾ പഠിക്കുന്നതിനേക്കാൾ കുട്ടികൾ ജ്ഞാനം ആർജിക്കുന്നതിനാണ് പുതിയ വിദ്യാഭ്യാസ നയം കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നതെന്നും മോദി പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗവർണറുമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

‘വിദ്യാഭ്യാസ നയവും വിദ്യാഭ്യാസ സമ്പ്രദായവും രാജ്യത്തിന്റെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനുള്ള പ്രധാന മാർഗങ്ങളാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഇവയ്ക്കെല്ലാം തന്നെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഉത്തരവാദിത്തമുണ്ട്. എന്നാൽ സർക്കാരുകളുടെ വിദ്യാഭ്യാസ നയത്തിലെ ഇടപെടൽ ഏറ്റവും ചുരുങ്ങിയ അളവിലായിരിക്കണം എന്നതും ശരിയാണ്. വിദേശ നയം, പ്രതിരോധനയം എന്നിവ രാജ്യത്തിന്റേതാണ്. സർക്കാരിന്റേതല്ല. അതുപോലെ തന്നെ വിദ്യാഭ്യാസ നയവും. അത് എല്ലാവരുടേതുമാണ്’- പ്രധാനമന്ത്രി പറഞ്ഞു.

അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം വർധിപ്പിക്കുന്നതാണ് പുതിയ വിദ്യാഭ്യാസ നയം. വിദ്യാർഥികൾക്കാണ് ഇതിൽ ഏറ്റവുമധികം പ്രാധാന്യം. സമഗ്രമായ നയത്തിനാണ് രൂപം നൽകിയിരിക്കുന്നത്. അതിനാൽ പ്രാധാന്യവും ഏറെയാണെന്ന് മോദി പറഞ്ഞു.

വിദ്യാഭ്യാസ നയവുമായി കൂടുതൽ അധ്യാപകരേയും രക്ഷിതാക്കളേയും ബന്ധിപ്പിക്കും. കൂടുതൽ വിദ്യാർഥികളേയും ബന്ധിപ്പിക്കും. അതിന്റെ പ്രസക്തിയും സമഗ്രതയും വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ കോൺഫറൻസ് വഴിയുള്ള സമ്മേളനത്തിൽ എല്ലാ സംസ്ഥാനങ്ങളിലേയും വിദ്യാഭ്യാസ മന്ത്രിമാരും സർവകലാശാല വൈസ് ചാൻസലർമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്.

മികച്ച അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ കാമ്പസുകളുടെ ഇന്ത്യയിൽ തുറക്കുന്നതിന് പുതിയ പുതിയ വിദ്യാഭ്യാസ നയം വഴിയൊരുക്കും. രാജ്യത്തെ സാധാരണ കുടുംബങ്ങളിലെ യുവാക്കൾക്കും അതിൽ ചേരാനാകും. ഭാവിയിലെ ആവശ്യങ്ങൾക്കനുസരിച്ച് രാജ്യത്തെ യുവാക്കളുടെ അറിവും നൈപുണ്യവും ഉപയോഗിച്ച് സജ്ജമാക്കുന്നതാണ് പുതിയ നയമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button