കേരള സര്‍ക്കാരിന്റെ സില്‍വര്‍ ലൈന്‍ പദ്ധതി അകാല ചരമത്തിലേക്കോ
കൊച്ചി: പിണറായി സര്‍ക്കാര്‍ അഭിമാന പദ്ധതിയായി കണ്ട സില്‍വര്‍ ലൈന്‍ പദ്ധതി ചാപിള്ളയാകുമോ എന്ന സംശയം വ്യാപകമാകുന്നു. ദക്ഷിണ റെയില്‍വേ അധികൃതരോട് കൂടിയാലോചന നടത്താതെയാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചത്. അലൈന്മെന്റ് നിശ്ചയിച്ചതും കേരള സര്‍ക്കാര്‍ സ്വന്തം ഇഷ്ടപ്രകാരമാണ്. അതിനാല്‍ പദ്ധതിയുടെ അനുമതിക്കായി കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കുന്ന കാര്യം ത്രിശങ്കുവിലായിരിക്കുകയാണ്.
സില്‍വര്‍ ലൈനിനുവേണ്ടി കേരള സര്‍ക്കാര്‍ കെ-റെയില്‍ എന്ന കമ്പനി സ്ഥാപിച്ചാണ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. അവര്‍ നിശ്ചയിച്ച അലൈന്മെന്റ് ദക്ഷിണ റെയില്‍വേ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങുതടിയാകുമെന്നാണ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇക്കാര്യം ദക്ഷിണ റെയില്‍വേ അധികൃതര്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുമുണ്ട്. നിലവിലുള്ള റെയില്‍വേ ലൈനിന്റെ സമീപത്തുകൂടിയാണ് പല മേഖലകളിലും സില്‍വര്‍ ലൈന്‍ കടന്നുപോകുന്നത്. ഇത് ദക്ഷിണ റെയില്‍വേയുടെ ഭാവി വികസന പദ്ധതികള്‍ക്ക് തടസം സൃഷ്ടിക്കും.
ഇതോടെ കേരളത്തിന്റെ സ്വപ്നപദ്ധതിക്ക് റെയില്‍വേ മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിക്കാതിരിക്കാനോ വൈകാനോ ഉള്ള സാധ്യതയാണ് മുന്നില്‍ കാണുന്നത്. ഇക്കാര്യങ്ങളെല്ലാം കെ-റെയില്‍ എംഡിക്ക് അയച്ച കത്തില്‍ ദക്ഷിണ റെയില്‍വേ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിനുദാഹരണമായി എടുത്തുകാട്ടുന്നത് ആലുവ- അങ്കമാലി റെയില്‍വേ ലൈനിനെ ഉദ്ധരിച്ചാണ്.
നിലവില്‍ ഈ റൂട്ടില്‍ മൂന്നാം ലൈന്‍ വലിക്കുന്നതിന് ദക്ഷിണ റെയില്‍വേക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്നും അനുമതി ലഭിച്ചിട്ടുണ്ട്. ആലുവ- അങ്കമാലി സില്‍വര്‍ ലൈന്‍ കടന്നുപോകുന്നത് നിലവിലെ റെയില്‍വേ ട്രാക്കിന്റെ പടിഞ്ഞാറുഭാഗത്തുകൂടെയാണ്. ഈ റൂട്ടില്‍ മൂന്നാം ലൈന്‍ വലിക്കുന്നതിനായി ദക്ഷിണ റെയില്‍വേക്ക് കേന്ദ്രസര്‍ക്കാര്‍ 1500 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കൂടാതെ ഈ റൂട്ടില്‍ നാലാമതൊരു ലൈനും കൂടി പണിയാനും റെയില്‍വേ പദ്ധതി തയാറാക്കുന്നുണ്ട്.
എന്നാല്‍ കെ- റെയില്‍ അധികൃതര്‍ നിശ്ചയിച്ച അലൈന്മെന്റ് ഈ വികസന പദ്ധതികള്‍ക്ക് തടസം സൃഷ്ടിക്കുന്നതാണ്. ഇക്കാര്യങ്ങള്‍ ദക്ഷിണ റെയില്‍വേ കെ- റെയില്‍ അധികൃതര്‍ക്കയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എറണാകുളം- ഷൊര്‍ണൂര്‍ മേഖലയില്‍ നാല് ലൈന്‍ സര്‍വീസ് നടത്താനുള്ള പദ്ധതിയാണ് ദക്ഷിണ റെയില്‍വേ ആവിഷ്കരിക്കുന്നത്. നിലവിലെ ലൈനിലുള്ള തിരക്ക് കുറയ്ക്കുന്നതിനായാണ് ഇത്തരമൊരു പദ്ധതി അധികൃതര്‍ ആസൂത്രണം ചെയ്യുന്നത്.
തിരുവനന്തപുരം വരെ റെയില്‍വേ ലൈന്‍ നാലുവരിയാക്കാനും ദക്ഷിണ റെയില്‍വേക്ക് ആഗ്രഹമുണ്ട്. ഇതോടെ കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ കേരളത്തിലേക്ക് കൊണ്ടുവരാന്‍ കഴിയും. ഈ പദ്ധതികള്‍ക്കെല്ലാം കെ- റെയില്‍ അലൈന്മെന്റ് മാര്‍ഗതടസം സൃഷ്ടിക്കുമെന്ന് ദക്ഷിണ റെയില്‍വേ ചൂണ്ടിക്കാട്ടുന്നുണ്ട്.
തൃശൂര്‍ മുതല്‍ തിരൂര്‍ വരെയും കെ- റെയില്‍ അലൈന്മെന്റ് പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. തൃശൂര്‍ നഗരത്തിലൂടെ എലിവേറ്റഡായാണ് സില്‍വര്‍ ലൈന്‍ കടന്നുപോകുന്നത്. ഇപ്പോഴത്തെ റെയില്‍വേ സ്റ്റേഷന്റെ പരിധിയിലൂടെ ലൈന്‍ വലിക്കാനാണ് പദ്ധതി. കൂടാതെ പൂങ്കുന്നത്താണ് സില്‍വര്‍ ലൈന്‍ സ്റ്റേഷന് സ്ഥലം കണ്ടെത്തിയിട്ടുള്ളത്. ഇത് നിലവിലുള്ള തൃശൂര്‍-ഗുരുവായൂര്‍ ലൈനിനെ ബാധിക്കും.
തൃശൂര്‍- കാസര്‍ഗോഡ് മേഖലയില്‍ നിലവിലുള്ള ലൈനിനെ ക്രോസ് ചെയ്തുകൊണ്ടാണ് പലയിടങ്ങളിലും സില്‍വര്‍ ലൈന്‍ കടന്നുപോകുന്നത്. ഇക്കാര്യങ്ങളെല്ലാം തന്നെ ദക്ഷിണ റെയില്‍വേ അധികൃതര്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇതോടെ സില്‍വര്‍ ലൈന്‍ പദ്ധതി ഇപ്പോഴത്തെ രീതിയില്‍ നടക്കില്ലെന്ന കാര്യം ഉറപ്പാവുകയാണ്.
ഒരുപക്ഷേ കെ- റെയില്‍ അധികൃതര്‍ അലൈന്മെന്റില് മാറ്റം വരുത്തി പുതിയൊരു രൂപരേഖ തയാറാക്കിയാല്‍ എത്രത്തോളം അത് പ്രാവര്‍ത്തികമാകുമെന്ന കാര്യം ചിന്തിക്കേണ്ടതാണ്. കാരണം ഇപ്പോള്‍ തന്നെ കെ- റെയില്‍ വിരുദ്ധ സമിതി എന്ന പേരില്‍ ഇതിനെതിരെ ഒരുകൂട്ടം ആളുകള്‍ രംഗത്തുണ്ട്. അലൈന്മെന്റ് മാറ്റിയാലും ഇല്ലെങ്കിലും അടുത്തൊന്നും സില്‍വര്‍ ലൈന്‍ കേരളത്തില്‍ പ്രാവര്‍ത്തികമാകില്ലെന്ന നിലയിലാണ് ഇപ്പോഴത്തെ അവസ്ഥയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.