സ്വകാര്യ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ വാഹനം: കിഫ്ബി ധൂര്‍ത്തിന്റെ മറ്റൊരുമുഖം
തിരുവനന്തപുരം: കിഫ്ബിയെ സിഎജി അടക്കമുള്ള സ്ഥാപനങ്ങള്‍ വിമര്‍ശിക്കുന്നത് രാഷ്ട്രീയ ലാക്കോടെയാണെന്നു പോലും ആരോപിക്കുന്ന സര്‍ക്കാര്‍ അവിടെ നടക്കുന്ന ധൂര്‍ത്തുകള്‍ക്ക് നേരെ കണ്ണടയ്ക്കുന്നു. കെഎഎസ് പരീക്ഷയുടെ പരിശീലനത്തിന് പോവാനടക്കം കിഫ്ബിയിലെ ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ ഉപയോഗിച്ചതായി സിഎജി കണ്ടെത്തിയിട്ടുണ്ട്. വാഹനങ്ങളുടെ ലോഗ് ബുക്ക് പരിശോധിച്ചാണ് കിഫ്ബിയിലെ വാഹനധൂര്‍ത്ത് സിഎജി കണ്ടെത്തിയിരിക്കുന്നത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ സെക്രട്ടറിമാര്‍ക്കും വകുപ്പു തലവന്മാര്‍ക്കും മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍ക്കും മാത്രമേ ഔദ്യോഗിക കാര്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് നല്‍കാവൂ എന്നു ചട്ടമുണ്ടായിരിക്കെ കിഫ്ബിയിലെ പല ഉദ്യോഗസ്ഥരും വീട്ടില്‍ നിന്ന് ഓഫിസിലെത്താനും തിരികെപ്പോകാനും ഔദ്യോഗിക കാര്‍ ഉപയോഗിക്കുകയാണ്. ലോഗ് ബുക്ക് പരിശോധിച്ചപ്പോള്‍ കിഫ്ബിയിലെ എട്ട് വാഹനങ്ങളും കൂടുതല്‍ സമയവും ഓടുന്നത് ഉദ്യോഗസ്ഥരുടെ സ്വകാര്യ ആവശ്യങ്ങള്‍ക്കാണെന്നും വ്യക്തമായി.
കിഫ്ബി ജോയിന്റ് ഫണ്ട് മാനേജര്‍ ആനി ജൂല തോമസ്, ചീഫ് പ്രൊജക്ട് എക്സാമിനര്‍ വിജയദാസ്, അഡീഷണല്‍ സെക്രട്ടറിമാരായ ജോര്‍ജ് തോമസ്, ഷൈല എന്നിവരെ ഓഫിസില്‍ നിന്ന് വിട്ടിലേക്കും തിരികെ ഓഫിസിലേക്കും കിഫ്ബി വാഹനങ്ങളില്‍ കൊണ്ടുപോകുന്നത് ചട്ടപ്രകാരമല്ലെന്നാണ് സിഎജിയുടെ കണ്ടെത്തല്‍. ജോയിന്റ് ഫണ്ട് മാനേജരായ ആനി ജൂല കിഫ്ബി വാഹനം സ്വകാര്യയാത്രകള്‍ക്ക് ഉപയോഗിച്ചതിന് ചിലവായ തുക തിരിച്ചടച്ചിട്ടുണ്ടെന്ന് കിഫ്ബി മറുപടി നല്‍കി.
കിഫ്ബിയിലെ ജോലിഭാരം കൂടുതലായതിനാല്‍ ഉദ്യോഗസ്ഥര്‍ പലരും നേരത്തെയാണ് ഓഫിസില്‍ വരുന്നതെന്നും താമസിച്ചാണ് ഓഫിസില്‍ നിന്നും പോകുന്നതെന്നും അതിനാലാണ് വാഹനങ്ങള്‍ ഉപയോഗിക്കുന്നതെന്നുമുള്ള കിഫ്ബിയുടെ വാദം സിഎജി അംഗീകരിച്ചില്ല. വാഹനങ്ങളുടെ ലോഗ് ബുക്ക് പരിശോധിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ ഓഫിസില്‍ വരുന്നത് രാവിലെ ഒമ്പതിനും 10നും ഇടയിലാണന്നും പോകുന്നത് വൈകുന്നേരം അഞ്ചിനും ആറിനും ഇടയിലാണന്നും സിഎജി കണ്ടെത്തി.
വാഹനം ദുരുപയോഗം ചെയ്ത വ്യക്തിയില്‍ നിന്ന് അതാത് മാസത്തെ ഇന്ധന ഉപയോഗത്തിന്റെ 50% തുക അവരുട കൈയില്‍ നിന്ന് തിരിച്ചു പിടിക്കണമെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്നുമാണ് സര്‍ക്കാര്‍ ചട്ടങ്ങളില്‍ ഉള്ളത്. വാഹന ദുരുപയോഗം നടത്തിയ കിഫ്ബി ഉദ്യോഗസ്ഥര്‍ക്കെതിരെ ഇതുവരെ നടപടി ഉണ്ടായിട്ടില്ല.