അധ്യാപകക്ഷാമം പരിഹരിക്കാന്‍ സ്ഥലംമാറ്റ നാടകവുമായി സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നേരിടുന്ന അധ്യാപകക്ഷാമം പരിഹരിക്കാന്‍ ട്രാന്‍സ്ഫര്‍ നാടകവുമായി സര്‍ക്കാര്‍. കോന്നി, ഇടുക്കി മെഡിക്കല്‍ കോളേജുകളിലെ അധ്യാപക ക്ഷാമം പരിഹരിക്കാനാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് വിവിധ മെഡിക്കല്‍ കോളേജുകളില്‍ നിന്ന് അധ്യാപകരെ സ്ഥലംമാറ്റിയിരിക്കുന്നത്. നിലവിലുള്ള മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ കുറവ് ആശുപത്രി പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമ്പോഴാണ് സര്‍ക്കാരിന്റെ ഈ സ്ഥലംമാറ്റ നടപടി.
40 പേരെയാണ് ഒറ്റയടിക്ക് സ്ഥലംമാറ്റി ഉത്തരവിറക്കിയിരിക്കുന്നത്. ഇടുക്കി, കോന്നി മെഡിക്കല്‍ കോളേജുകളില്‍ അധ്യയനമടക്കം തുടങ്ങണമെങ്കില്‍ തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തണം. എന്നാല്‍ ഇത് സാമ്പത്തിക ബാധ്യതയാണെന്ന് വിലയിരുത്തിയാണ് നിലവിലുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ നിന്ന് ഡോക്ടര്‍മാരെ കൂട്ടത്തോടെ സ്ഥലംമാറ്റുന്നത്.
അധ്യയനം തുടങ്ങുന്നതിന് മുമ്പ് മെഡിക്കല്‍ കൗണ്‍സില്‍ പരിശോധന നടത്താറുണ്ട്. ഇവരുടെ കണ്ണില്‍ പൊടിയിടാനാണ് ഇപ്പോഴത്തെ സ്ഥലംമാറ്റ ഉത്തരവ്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ നിന്നായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് ഏഴ് പേരെ സ്ഥലംമാറ്റി. ഒമ്പത് പേര്‍ക്ക് വര്‍ക്കിംഗ് അറേഞ്ച്‌മെന്റും നല്‍കി. കോന്നിയിലേക്ക് 19 പേരെ സ്ഥലംമാറ്റിയപ്പോള്‍ അഞ്ചു പേരെ വര്‍ക്കിംഗ് അറേഞ്ച്‌മെന്റില്‍ നിയമിച്ചു.
ഇത്രയും ഡോക്ടര്‍മാരെ മാറ്റുകയും പകരം നിയമനം ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ നിലവിലുള്ള മെഡിക്കല്‍ കോളേജുകളില്‍ അധ്യയനവും ചികിത്സ പരിചരണവും താളം തെറ്റും. തിരുവനന്തപുരം അടക്കമുള്ള പല മെഡിക്കല്‍ കോളേജുകളിലും ശസ്ത്രക്രിയ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ അഭാവം മൂലം അത്യാവശ്യമുള്ള ശസ്ത്രക്രിയകള്‍ക്ക് പോലും തീയതി നിശ്ചയിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോള്‍.
മെഡിക്കല്‍ കോളേജുകളില്‍ കോവിഡ് ഡ്യൂട്ടിക്ക് ഇപ്പോഴും ഡോക്ടര്‍മാരെ വിന്യസിക്കുന്നുണ്ട്. ഇത്തരം തീരുമാനങ്ങള്‍ അധ്യയനത്തെ സാരമായി ബാധിക്കുന്നുണ്ട്. ഇതിനു പുറമേ ശബരിമല ഡ്യൂട്ടിക്കും മറ്റു വിഐപി ഡ്യൂട്ടികള്‍ക്കും മെഡിക്കല്‍ കോളേജില്‍ നിന്ന് ഡോക്ടര്‍മാരെ നിയോഗിക്കുന്നുണ്ട്.ഇതും തിരിച്ചടിയാണെന്ന് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സംഘടന പറയുന്നു.
അതേസമയം പുതിയ തസ്തിക സൃഷ്ടിക്കുന്നത് സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യതയാകുമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. കൂടുതല്‍ എംബിബിഎസ് സീറ്റുകള്‍ സംസ്ഥാനത്തിന് ലഭിക്കാനായാണ് ഡോക്ടര്‍മാരുടെ സ്ഥലംമാറ്റമെന്നും വിശദീകരണമുണ്ട്.