തന്റെ മുന്നറിയിപ്പ് സര്‍ക്കാരുകള്‍ അവഗണിച്ചു: മാധവ് ഗാഡ്ഗില്‍
ന്യൂഡല്‍ഹി: കേരളത്തില്‍ അതിതീവ്രമഴയും പ്രകൃതിക്ഷോഭവും അരങ്ങുതകര്‍ക്കവെ രൂക്ഷവിമര്‍ശനവുമായി മാധവ് ഗാഡ്ഗില്‍. പശ്ചിമഘട്ടം സംരക്ഷിക്കാനുള്ള നടപടികള്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊള്ളാത്തതിനെതിരെയാണ് പരിസ്ഥിതി വിദഗ്ധന്‍ മാധവ് ഗാഡ്ഗില്‍ രംഗത്തുവന്നിരിക്കുന്നത്. പശ്ചിമഘട്ടം സംരക്ഷിക്കാന്‍ ഉടനടി നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ അതിദാരുണമായ ദുരന്തങ്ങള്‍ ഇനിയുമുണ്ടാകുമെന്ന് ഗാഡ്ഗില്‍ പറഞ്ഞു.
2011ല്‍ താന്‍ ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാവുമെന്ന് മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍ രാഷ്ട്രീയ ലാഭം മാത്രം മുന്നില്‍ക്കണ്ട് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തന്റെ മുന്നറിയിപ്പിനെ അട്ടിമറിക്കുകയാണ് ചെയ്തത്. അതിതീവ്ര മഴയും പശ്ചിമഘട്ടത്തെ പരിധിയില്‍ കവിഞ്ഞ് ചൂഷണം ചെയ്തതുമാണ് കേരളം നേരിടുന്ന ദുരന്തങ്ങള്‍ക്കു കാരണമായതെന്ന് ഗാഡ്ഗില്‍ വ്യക്തമാക്കി.
കാലാവസ്ഥാ മാറ്റത്തിനൊപ്പം പ്രകൃതി ചൂഷണം കൂടി ഒത്തുച്ചേരുമ്പോഴാണ് കേരളത്തില്‍ സംഭവിക്കുന്നതു പോലുള്ള ദുരന്തങ്ങള്‍ ഉണ്ടാകുന്നത്. സില്‍വര്‍ ലൈന്‍ പ്രോജക്ടുകള്‍ പോലുള്ള പദ്ധതികള്‍ വേണമോ എന്ന് കേരളം ആത്മാര്‍ഥമായി ചിന്തിക്കണം. കുറച്ച് സമയം ലാഭിക്കുന്നതിനു വേണ്ടി പ്രകൃതിയെ നശിപ്പിക്കുന്നത് എന്തിനാണെന്നും ഗാഡ്ഗില്‍ ചോദിച്ചു.
തങ്ങളുടെ വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് യുഡിഎഫും എല്‍ഡിഎഫും ഗാഡ്ഗിലിനെതിരെ രംഗത്തുവന്നത്. കുടിയേറ്റത്തിന്റെ പേരില്‍ പശ്ചിമഘട്ടം കൈയേറി കോണ്‍ക്രീറ്റ് സൗധങ്ങള്‍ പടുത്തുയര്‍ത്തിയവര്‍ മതത്തിന്റെ പേരില്‍ സംഘടിച്ച് ഗാഡ്ഗിലിനെ വിമര്‍ശിച്ചു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ടവരെ അവര്‍ സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തി പുറത്താക്കി.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാനാവില്ലെന്നും അതിനാല്‍ പ്രായോഗികമായ മറ്റൊരു റിപ്പോര്‍ട്ട് ആവശ്യമാണെന്നും പറഞ്ഞ് യുപിഎ സര്‍ക്കാര്‍ കസ്തൂരിരംഗനെ പശ്ചിമഘട്ടത്തെ കുറിച്ച് പഠിക്കാന്‍ ചുമതലപ്പെടുത്തി. അദ്ദേഹം നല്‍കിയ റിപ്പോര്‍ട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ സര്‍ക്കാരുകള്‍ അവഗണിച്ചു. അതിന്റെയെല്ലാം ദുരന്തഫലം ഇപ്പോള്‍ സാധാരണക്കാര്‍ അനുഭവിക്കുകയാണ്.