ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും,പെട്ടിമുടിയിലേക്ക്

ഇടുക്കി രാജമലയിലെ ഉരുള്‍പ്പൊട്ടലുണ്ടായ പെട്ടിമുടിയില്‍ വ്യാഴാഴ്ച ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും, സന്ദര്‍ശിക്കും. ഹെലികോപ്റ്റര്‍ മാര്‍ഗം മൂന്നാറിലെത്തിയാവും ഇരുവരും പെട്ടിമുടിയിലേക്ക് പോവുക. ദുരന്തഭൂമിയില്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തതിനെ ചൊല്ലി പ്രതിപക്ഷവും ബിജെപിയും രംഗത്ത് വന്നിരുന്നു. എന്നാല്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് അവിടെയെത്താതിരുന്നത് എന്നായിരുന്നു മുഖ്യമന്ത്രി അതിനു മറുപടി പറഞ്ഞിരുന്നത്.
വ്യാഴാഴ്ച രാവിലെ 9 മണിക്ക് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും, തിരുവനന്തപുരത്തുനിന്നും പുറപ്പെടും. മൂന്നാറിലെ ആനച്ചാലില്‍ ഹെലികോപ്റ്റര്‍ ലാന്റ് ചെയ്ത ശേഷം അവിടെ നിന്നും വാഹനത്തില്‍ ഉരുള്‍പൊട്ടല്‍ മേഖലയിൽ അവർ എത്തും. കനത്ത കാറ്റോ, മഴയോ ഉണ്ടായാല്‍ മാത്രമായിരിക്കും യാത്ര മാറ്റിവെക്കുക. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് മന്ത്രി എംഎം മണി തിരുവനന്തപുരത്തു നിന്ന് ഇടുക്കിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.