ഗോവിന്ദചാമി ജയിൽ ചാടിയ സംഭവം; അസിസ്റ്റന്റ് ജയിൽ സൂപ്രണ്ടിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായതായി റിപ്പോർട്ട്

ഗോവിന്ദചാമിയുടെ ജയിൽ ചാടൽ സംഭവത്തിൽ മറ്റാരുടെയും സഹായം ലഭിച്ചില്ലെന്ന് ജയിൽ ഡി.ഐ.ജിയുടെ അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. ജയിൽ ജീവനക്കാരോ സഹതടവുകാരോ സഹായിച്ചിട്ടില്ലെന്നും ഗോവിന്ദചാമിക്ക് സഹതടവുകാരുമായി കാര്യമായ ബന്ധമില്ലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
റിമാൻഡ് തടവുകാർ ഉണക്കാനിട്ടിരുന്ന തുണിയാണ് ഗോവിന്ദചാമി ചാട്ടത്തിനായി ഉപയോഗിച്ചതെന്ന് കണ്ടെത്തി. എന്നാൽ, ജയിൽ ചുവരിലെ അഴികൾ എങ്ങനെ മുറിച്ചുവെന്ന കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ട് ശിപാർശ ചെയ്യുന്നു.
ആസൂത്രണവുമായി ബന്ധപ്പെട്ട വിവരങ്ങൾ മനസ്സിലാക്കുന്നതിൽ അസിസ്റ്റന്റ് ജയിൽ സൂപ്രണ്ടിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. കൂടാതെ, സിസിടിവി നിരീക്ഷണം നടക്കാതിരുന്നത് ഉദ്യോഗസ്ഥ ക്ഷാമം മൂലമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സംഭവവുമായി ബന്ധപ്പെട്ട് നാല് ഉദ്യോഗസ്ഥരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. കണ്ണൂർ സെൻട്രൽ ജയിലിൽ ഗുരുതരമായ സുരക്ഷാ വീഴ്ച ഉണ്ടായതായി ഡി.ഐ.ജിയുടെ പ്രാഥമിക റിപ്പോർട്ടും വ്യക്തമാക്കിയിരുന്നു. ജയിലിലെ സുരക്ഷാ സംവിധാനത്തിന്റെ പിഴവ് തെളിയിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
Tag: Govindachamy jail escape incident; Report of lapse on the part of the Assistant Jail Superintendent