ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവം; ഇന്ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയിലിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിൽ നിർണായക അന്വേഷണ റിപ്പോർട്ട് ഇന്ന് ജയിൽ മേധാവിക്ക് സമർപ്പിക്കും. ജയിൽ ഡിഐജിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടർ നടപടികൾ തീരുമാനിക്കുക. കണ്ണൂർ സെൻട്രൽ ജയിലിൽ ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടെന്ന് ഡിഐജിയുടെ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകാനാണ് സാധ്യത. ഗോവിന്ദച്ചാമിയുമായി ബന്ധപ്പെട്ട സഹതടവുകാരുടെയും സസ്‌പെൻഷനിലായ ഉദ്യോഗസ്ഥരുടെയും മൊഴികൾ പൊലീസ് ഇന്ന് രേഖപ്പെടുത്തും.
ഇതിനിടെ, ഗോവിന്ദച്ചാമിയുടെ ജയിലിൽ നിന്ന് രക്ഷപ്പെടൽ വിവാദത്തിൽ മറ്റൊരു ഉദ്യോഗസ്ഥനും സസ്‌പെൻഷനിലായി. കൊട്ടാരക്കര സ്പെഷ്യൽ സബ് ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ അബ്ദുൽ സത്താറിനെയാണ് സസ്‌പെൻഡ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് അദ്ദേഹം മാധ്യമങ്ങളോട് ചില വിവരങ്ങൾ പങ്കുവെച്ചിരുന്നു. മാധ്യമങ്ങളിലൂടെ വിവരങ്ങൾ പുറത്തുവന്നത് വകുപ്പിന്റെ മാനക്കേട് ഉണ്ടാക്കിയതോടൊപ്പം മറ്റ് ഉദ്യോഗസ്ഥരുടെ മനോവീര്യവും ബാധിച്ചതായാണ് ജയിൽ വകുപ്പിന്റെ കണ്ടെത്തൽ. അബ്ദുൽ സത്താർ കണ്ണൂർ ജയിലിൽ ജോലി ചെയ്തിരുന്ന കാലത്ത് ഉണ്ടായ സംഭവങ്ങളാണ് മാധ്യമങ്ങളോട് പറഞ്ഞത്.
ഗോവിന്ദച്ചാമി ജയിലിൽ നിന്ന് ചാടുന്ന ദൃശ്യങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ജയിലിലെ സുരക്ഷാ സംവിധാനത്തിലെ വലിയ വീഴ്ച വ്യക്തമാക്കുന്ന ദൃശ്യങ്ങളാണവ. പുറത്ത് നിന്ന് സഹായം ലഭിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സഹതടവുകാരെയും ജയിൽ ഉദ്യോഗസ്ഥരെയും കൂടുതൽ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
Tag; Govindachamy jailbreak incident; Investigation report to be submitted today