ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവം; തെളിവെടുപ്പിനായി കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചു

സൗമ്യ വധക്കേസിലെ പ്രതിയും കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷയനുഭവിച്ചുകൊണ്ടിരുന്ന ഗോവിന്ദച്ചാമിയെ വീണ്ടും തെളിവെടുപ്പിനായി ജയിലിലേക്കെത്തിച്ചു. അതീവ സുരക്ഷയിലാണ് ഇയാളെ തിരിച്ചെത്തിച്ചത്. പ്രതി രക്ഷപ്പെടാൻ സാധിച്ചതു സംബന്ധിച്ച് വിശദമായ അന്വേഷണത്തിനായാണ് ഗോവിന്ദച്ചാമിയെ വീണ്ടും കണ്ണൂരിലേക്ക് കൊണ്ടുവന്നത്.
രണ്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി എത്തിച്ചത്. ഗോവിന്ദച്ചാമിയെ തൃശ്ശൂരിലെ വിയ്യൂർ ജയിലിലേക്ക് മാറ്റാൻ നടപടികൾ ആരംഭിച്ചു. വിയ്യൂർ ജയിലിലെ അതീവ സുരക്ഷാ വിഭാഗത്തിലാണ് ഇനി ഗോവിന്ദച്ചാമിയെ എത്തിക്കുക.
ഇന്ന് പുലർച്ചെ 4:30-നാണ് ഗോവിന്ദച്ചാമി ജയിലിൽ നിന്നും രക്ഷപ്പെട്ടത്. മാസങ്ങൾ നീണ്ട ആസൂത്രണത്തിന്റെ ഭാഗമായാണ് ജയിൽ ചാടൽ ശ്രമം വിജയിച്ചത്. മുറിക്കാൻ ഉപയോഗിച്ച ആയുധം ജയിലിലെ വർക്ക്ഷോപ്പിൽ നിന്നാണ് ലഭിച്ചതെന്നും, അതുപയോഗിച്ച് ഒന്നര മാസത്തിനിടെ സെല്ലിന്റെ അഴി മുറിച്ചുവെന്നും മൊഴിയിൽ പറഞ്ഞു. മുറിച്ച ഭാഗങ്ങൾ തുണികൊണ്ട് കെട്ടി മറച്ചുവെക്കുകയും, ചാടാനായി പ്ലാസ്റ്റിക് ഡ്രമ്മും ഉപയോഗിക്കുകയും ചെയ്തു.
ചാടിയ ശേഷം ഗോവിന്ദച്ചാമി ഗുരുവായൂരിലെത്തുകയും അവിടെ മോഷണമാണ് ലക്ഷ്യമിട്ടതെന്നും പൊലീസിന് മൊഴി നൽകി. സംഭവത്തിൽ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായന്ന് ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് നാലു ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ചാടലിനുശേഷം പോസ്റ്റിൽ ഉണ്ടായ ഉദ്യോഗസ്ഥർ തടവുകാരെ ചെക്കുചെയ്‌തപ്പോൾ എല്ലാവരും അഴിക്കുള്ളിലാണെന്ന് തെറ്റായ റിപ്പോർട്ട് നൽകി. മതിലിൽ തുണികൊണ്ടു കെട്ടിയ പാടുകൾ കണ്ടതോടെ മാത്രമാണ് ജയിൽ ചാടലാണെന്ന് അധികൃതർ മനസ്സിലാക്കിയത്.
Tag: Govindachamy jailbreak incident; taken to Kannur Central Jail for evidence collection