ഗോവിന്ദചാമിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും;കണ്ണൂർ സെട്രൽ ജയിലിലെ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്‌തു

സൗമ്യ വധക്കേസിലെ ഗോവിന്ദചാമിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും തൃശൂരിലെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. രണ്ട് ദിവസത്തിനകം വീയ്യൂരിലേക്ക് മാറ്റും. അതീവസുരക്ഷ മുന്നില്‍ കണ്ട് കൊണ്ടാണ് വിയ്യൂറിലേക്ക് സ്ഥലം മാറ്റുന്നത്.
ഇപ്പോള്‍ കണ്ണൂര്‍ പൊലീസിന്റെ കസ്റ്റഡിയില്‍ കഴിയുന്ന ഗോവിന്ദചാമിക്കെതിരെ ജയില്‍ ചാടിയതുമായി ബന്ധപ്പെട്ട് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസിൽ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കി, പിന്നീട് ഇന്ന് തന്നെ കണ്ണൂര്‍ ജയിലിലേക്ക് തിരിച്ചയക്കും. ഇവിടെ ജയില്‍ അധികൃതരുടെ ചോദ്യം ചെയ്യലും മറ്റ് തന്ത്രപരമായ നടപടികളും എടുത്തശേഷമായിരിക്കും രണ്ടുദിവസത്തിനകം കോടതിയുടെ അനുമതിയോടെ തൃശൂരിലേക്ക് മാറ്റുക.
വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍, സംസ്ഥാനത്തെ ഏറ്റവും കഠിന നിയന്ത്രണങ്ങളുള്ള ജയിലുകളില്‍ ഒന്നായി പരിഗണിക്കപ്പെടുന്നു. അതുകൊണ്ടാണ് ഗോവിന്ദചാമിയെ അവിടെ മാറ്റാനുള്ള തീരുമാനമെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു.
ഗോവിന്ദചാമി രക്ഷപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ നാല് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ജയിലിന്റെ സുരക്ഷാ സംവിധാനം കനത്ത വീഴ്ചയിലായെന്ന് വിലയിരുത്തിയതിനെ തുടര്‍ന്നാണ് നടപടി. ജയില്‍ മേധാവി എഡിജിപി ബല്‍റാം കുമാര്‍ ഉപാധ്യായ ആണ് നടപടി സ്ഥിരീകരിച്ചത്. വ്യക്തമായ ആസൂത്രണത്തോടെ ഗോവിന്ദചാമി ജയില്‍ ചാടിയിരുന്നുവെന്നും, അതു ഉടന്‍ തന്നെ തിരിച്ചറിഞ്ഞ് പിടികൂടാനായത് വലിയ ആശ്വാസമാണെന്നും, സംഭവത്തെ കുറിച്ച് കണ്ണൂര്‍ റേഞ്ച് ഡിഐജി വിശദമായി അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Tag: Govindachamy to be shifted to Viyyur Central Jail; Four officials of Kannur Central Jail suspended