ഗോവിന്ദചാമിയുടെ ജയില്‍ ചാട്ടം: പൊലീസ് വാദം തള്ളി വിദഗ്ധ സമിതി, കമ്പി മുറിക്കാന്‍ ഉപയോഗിച്ചെന്ന് പൊലീസ് കാണിച്ച ആയുധം സംശയാസ്പദം
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കൊടുംകുറ്റവാളി ഗോവിന്ദചാമി ജയില്‍ ചാടിയതുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് വാദം തള്ളി സര്‍ക്കാര്‍ വിദഗ്ധ സമിതി. സെല്ലിലെ കമ്പി മുറിക്കാന്‍ ഉപയോഗിച്ചെന്ന് പൊലീസ് കാണിച്ച ആയുധം സംശയാസ്പദമാണെന്നും, അത്ര ശക്തമായ കമ്പി ഒരു ചെറിയ ഉപകരണത്തില്‍ മുറിക്കുക സാധ്യമല്ലെന്നും സമിതി അംഗവും മുന്‍ ജഡ്ജിയുമായ ജസ്റ്റിസ് സി. എന്‍. രാമചന്ദ്രന്‍ നായര്‍ വ്യക്തമാക്കി.
“നാല് കമ്പികളുടെ രണ്ട് അറ്റവും മുറിച്ചിരിക്കുന്നു. കണ്ടാല്‍ വൈദഗ്ധ്യത്തോടെ മുറിച്ചതുപോലെയാണ്. അത്ര വലിയ കമ്പി ചെറിയ ടൂളില്‍ മുറിക്കാനാവില്ല. പിന്നെ, ദിവസങ്ങളോളം നടന്ന ഈ പ്രവൃത്തി ജയിലധികാരികളുടെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നത് ഗുരുതരമായ വീഴ്ചയാണ്,” – എന്ന് അദ്ദേഹം കണ്ണൂര്‍ ജയിലിലെ പരിശോധനയ്ക്ക് ശേഷം പറഞ്ഞു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ പഴക്കം മൂലം ഭിത്തികളിലും അടിസ്ഥാന സൗകര്യങ്ങളിലും തകരാറുകള്‍ ഉണ്ടെന്നും, സമഗ്ര പരിഷ്‌കരണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, അന്വേഷണ സമിതി വിളിച്ച ഉന്നത ജയില്‍ ഉദ്യോഗസ്ഥരുടെ യോഗം കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ നടന്നു. ഉത്തര മേഖല ജയില്‍ ഡിഐജി, കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ ജയിലിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തി. സുരക്ഷാ വീഴ്ച്ച വ്യക്തമായിട്ടുണ്ടെന്നാണ് സമിതിയുടെ പ്രാഥമിക വിലയിരുത്തല്‍.
Tag: Govindachamy’s jail escape: Expert committee rejects police argument, says weapon used to cut wire is suspicious