ഗോവിന്ദച്ചാമിയുടെ ജയിൽചാടൽ: മാസങ്ങളിലായി ആസൂത്രണം ചെയ്ത തന്ത്രം, ചോറ് ഉപേക്ഷിച്ച് ചപ്പാത്തി മാത്രമാക്കി മാറ്റി ശരീര ഭാരം കുറച്ചു

സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ ജയിൽചാടൽ മാസങ്ങളായി ആസൂത്രണം ചെയ്ത പ്രവർത്തിയാണ്. കണ്ണൂർ സെൻട്രൽ ജയിലിലെ പത്താം ബ്ലോക്കിൽ അതീവ സുരക്ഷ സെല്ലിലാണ് ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരുന്നത്. വെള്ളിയാഴ്ച പുലർച്ചെ 1.15ഓടെയാണ് ഗോവിന്ദച്ചാമി സെല്ലിൽ നിന്ന് ഇറങ്ങിയത്. അതിനായി സെല്ലിലെ ചുവരിനോട് ചേർന്നു കിടന്നാണ് ഉറങ്ങിയത്. കനത്ത മഴയായിരുന്നതിനാൽ പുതച്ചുമൂടി കിടന്നുറങ്ങി. കൊതുകുവലയും ഉണ്ടായിരുന്നു. സെല്ലിൽ വെളിച്ചമില്ല. സുരക്ഷ ഉദ്യോഗസ്ഥൻ രാത്രി 1.10നു വന്ന് നോക്കുമ്പോൾ പുതച്ചു മൂടി കിടക്കുന്നരൂപം ഉണ്ടായിരുന്നു.
ഒന്നോ രണ്ടോ ദിവസത്തെ തയാറെടുപ്പല്ല ജയിൽ ചാടാനായി ഗോവിന്ദച്ചാമി നടത്തിയത്. പതിവ് ഭക്ഷണ ക്രമത്തിൽ മാറ്റം വരുത്തി. ഇതിനായി ഡോക്ടറുടെ സമ്മതത്തോടെ ചോറ് ഉപേക്ഷിച്ച് ചപ്പാത്തി മാത്രമാക്കി മാറ്റി ശരീര ഭാരം കുറച്ചു.
സെല്ലിലെ താഴത്തെ രണ്ട് കമ്പികൾ ഹാക്‌സോ ബ്ലേഡിന്റെ സഹായത്തോടെ മുറിച്ചു. ജയിൽ നിർമാണപ്രവർത്തന മേഖലയിൽ നിന്ന് ഇയാൾക്ക് ഹാക്‌സോ ബ്ലേഡ് ലഭിച്ചുവെന്നാണ് സംശയിക്കുന്നത്. ഉപ്പുവെച്ച് കമ്പികൾ തുരുമ്പടിപ്പിച്ചു. തുണികൾ കൂട്ടിച്ചേർത്ത് കയറ്റത്തിനും ഇറക്കത്തിനുമായുള്ള സംവിധാനം ഒരുക്കി. രണ്ടു വലിയ പ്ലാസ്റ്റിക് ഡ്രമ്മുകൾ ഉപയോഗിച്ചാണ് ഫെൻസിംഗിൽ കയറിയത്. ശേഷം ഈ തുണിയിലൂടെ തന്നെ താഴേയ്ക്ക ഇറങ്ങി രക്ഷപ്പെട്ടു.
ജയിലിലെ വരാന്തയിൽ സിസിടിവി ദൃശ്യങ്ങൾ ഉണ്ടായിരുന്നുവെങ്കിലും സെല്ലിനകത്ത് ക്യാമറയില്ല. ഇതാണ് പ്രതിക്ക് കൂടുതൽ അനുകൂലമായത്. കൂടാതെ കഴിഞ്ഞ രണ്ട് വർഷങ്ങളായി ജയിൽ ഫെൻസിംഗിൽ വൈദ്യുതിയില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.
വിവരം പുറത്ത് വിട്ടത്തോടെ പൊതുജനങ്ങളിൽ ചിലർ ബന്ധപ്പെട്ടിരുന്നു. ഇതിൽ മൂന്നോളം പേർ കൃത്യമായ വിവരം നൽകി. ഒരു കയ്യില്ലാത്തയാളെ നാട്ടുകാരിലൊരാൾ കണ്ടിരുന്നു. അദ്ദേഹത്തിനുണ്ടായ സംശയവും സഹായകമായി. കണ്ണൂർ ബെെപ്പാസ് റോഡിൽ വെച്ചാണ് റോഡിന്‍റെ വലതുവശം ചേർന്ന് ഒരാൾ നടന്നുപോകുന്നതായി കണ്ടത്. തലയിൽ ഒരു ഭാണ്ഡക്കെട്ടുമുണ്ടായിരുന്നു. സംശയം തോന്നിയതോടെ എടാ എടാ എന്ന് വിളിച്ചു. പിന്നാലെ റോഡ് ക്രോസ് ചെയ്ത് ഗോവിന്ദചാമിയെന്ന് വിളിക്കുകയായിരുന്നു. പിന്നാലെ മതിൽചാടി ഓടുകയായിരുന്നുവെന്നാണ് വിവരം. ഓടിയൊളിച്ച ഗോവിന്ദച്ചാമി തളാപ്പിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിലാണ് ഒളിച്ചിരുന്നത്. മൂന്ന് പേര്‍ നല്‍കിയ പ്രധാന സൂചനയാണ് പ്രതിയെ പിടികൂടുന്നതിലേക്ക് നയിച്ചത്.
ഇതേത്തുടർന്ന് ജയിൽ ചാടലിനുശേഷം ഇയാളെ ടൗൺ സ്റ്റേഷനിലേക്ക് മാറ്റി. ഇയാളെ ജയിൽ ചാടാൻ സഹായം നൽകിയിട്ടുണ്ടോ എന്നതിനെക്കുറിച്ചും, ജയിൽ ജീവനക്കാരുടെ ഭാഗത്തുനിന്നും അശ്രദ്ധ ഉണ്ടായിട്ടുണ്ടോ എന്നതിനെക്കുറിച്ചും അന്വേഷണം പുരോഗമിക്കുന്നു. സംഭവസമയത്ത് ജയിൽ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥരെ ഇതുമായി ബന്ധപ്പെട്ട് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
2011 ഫെബ്രുവരി 1ന് എറണാകുളത്തു നിന്നും ഷൊർണൂരിലേക്ക് പോകുന്ന ട്രെയിനിലായിരുന്നു സൗമ്യയെ ഗോവിന്ദച്ചാമി ആക്രമിച്ചത്. ട്രെയിനിൽ വെച്ച് ഗോവിന്ദച്ചാമി സൗമ്യയെ തള്ളിയിട്ട്, പിന്നീട് പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി 6ന് തൃശൂർ മെഡിക്കൽ കോളജിൽ വെച്ച് മരണപ്പെടുകയായിരുന്നു.
Tag: Govindachamy’s jailbreak: A strategy planned over months