ഗോവിന്ദച്ചാമിയുടെ ജയിൽ ചാടൽ: സഹതടവുകാരന് ആസൂത്രണത്തെക്കുറിച്ച് അറിയാമായിരുന്നുവെന്ന് വെളിപ്പെടുത്തൽ

സൗമ്യ കൊലക്കേസ് പ്രതിയും കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരനുമായ ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ. ജയിലിൽ സഹതടവുകാരനായ തമിഴ്നാട് സ്വദേശിയോട് ഗോവിന്ദച്ചാമി ജയിൽ ചാടുന്നതിനെക്കുറിച്ചുള്ള വിവരം പങ്കുവെച്ചിരുന്നു. ആസൂത്രണം ആരംഭിച്ചിട്ട് ആഴ്ചകളായിരുന്നുവെന്നും ഗോവിന്ദച്ചാമിയുടെ കൂടെ താനും രക്ഷപ്പെടാൻ ആലോചിച്ചിരുന്നുവെന്നും എന്നാൽ കമ്പിയിലൂടെ പുറത്ത് കടക്കാൻ കഴിയാത്തതിനെ തുടർന്ന് അത് ഉപേക്ഷിക്കേണ്ടിവന്നെന്നും ഇയാൾ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
മാസങ്ങളായി നീണ്ട ആസൂത്രണത്തിന്റെ ഭാഗമായാണ് ഗോവിന്ദച്ചാമിയുടെ രക്ഷപ്പെടൽ ശ്രമം. സെല്ലിലെ താഴത്തെ ഭാഗത്തെ രണ്ട് കമ്പികളാണ് മുറിച്ചത്. ജയിൽ അധികൃതർക്ക് സംശയം തോന്നാതിരിക്കാൻ കൃത്യമായി നൂൽ കെട്ടിവെച്ചിരുന്നു. ജയിലിലെ നിർമാണപ്രവർത്തനത്തിനിടെ ലഭിച്ച ഹാക്‌സോ ബ്ലേഡാണ് ഉപയോഗിച്ചത്. ദിവസങ്ങളായി കുറച്ച് കുറച്ചായി മുറിക്കുകയായിരുന്നു.
രക്ഷപ്പെടുന്നതിനായി ജയിൽ മോചിതരായവരുടെ പഴയ തുണികൾ ശേഖരിച്ച് വച്ചിരുന്നു. കുളിക്കാനുള്ള വെള്ളം ശേഖരിക്കുന്ന ടാങ്കിലൂടെ ക്വാറന്റൈൻ ബ്ലോക്കിലേക്ക് നീങ്ങി. പിന്നീട്, പ്ലാസ്റ്റിക് ഡ്രമ്മിന്റെ മുകളിൽ കയറി ജയിലിലെ ഫെൻസിങ്ങിൽ കെട്ടി താഴേയ്ക്ക് ഇറങ്ങുകയായിരുന്നു.
ഗോവിന്ദച്ചാമി നൽകിയ മൊഴിയിൽ ബ്ലേഡ് ജയിൽ അടുക്കളയിൽ ജോലിക്ക് പോയ മറ്റൊരു തടവുകാരനിലൂടെയാണു ലഭിച്ചതെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇനി ആ തടവുകാരനെ കണ്ടെത്താനായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് ജയിലിന്റെ സുരക്ഷാ ക്രമീകരണങ്ങൾക്കെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്.
Tag: Govindachamy’s prison escape: Revelation that fellow prisonmate about the plan