ലൈഫ് മിഷൻ കേസിൽ സർക്കാരിന് തിരിച്ചടി, സി.ബി.ഐ അന്വേഷണത്തിന് സ്റ്റേയില്ല.

ന്യൂഡൽഹി / ലൈഫ് മിഷൻ കേസിലെ സി ബി ഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത്,അന്വേഷണം സ്റ്റേ ചെയ്യണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ഇതോടെ ലൈഫ് മിഷൻ കേസിൽ സി.ബി.ഐ അന്വേഷണത്തിന് സ്റ്റേയില്ല. സി.ബി.ഐ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ലൈഫ് മിഷൻ സി.ഇ.ഒ യുടെ ആവശ്യം ഇപ്പോൾ പരിഗണിയ്ക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയായിരുന്നു. കേസിൽ സി.ബി.ഐയ്ക്കും അനിൽ അക്കരെ എം.എൽ.എ യ്ക്കും സുപ്രിം കോടതി നോട്ടിസ് അയക്കാൻ നിർദേശിച്ചു.
ലൈഫ് മിഷൻ കേസിലെ സി.ബി.ഐ യുടെ എഫ്.ഐ.ആർ. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സി.ഇ.ഒ സുപ്രിം കോടതിയിൽ ഹർജി നൽകുന്നത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി സി.ബി.ഐയ്ക്കും പരാതിക്കാരനായ അനിൽ അക്കരെ എം.എൽ.എയ്ക്കും നോട്ടിസ് അയച്ചു. ഫെഡറൽ വ്യവസ്ഥയുടെ അന്തസത്തയെ ബാധിക്കുന്ന വിധത്തിലുള്ള ഇടപെടലാണ് സി.ബി.ഐയുടേതെന്ന കേരളത്തിന്റെ വാദം, ഈ ഘട്ടത്തിൽ സി.ബി.ഐ. അന്വേഷണം സ്റ്റേചെയ്യാൻ യുക്തമായ കാരണമല്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ജസ്റ്റിസ് അശോക് ഭൂഷൺ അദ്ധ്യക്ഷനായ ബെഞ്ച് സി.ബി.ഐ അന്വേഷണം സ്റ്റേ ചെയ്യണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം അംഗികരിക്കാൻ തയ്യാറായില്ല.
ലൈഫ് മിഷൻ പദ്ധതിയെ കുറിച്ച് അന്വേഷണം നടന്നാല്‍ അല്ലേ ക്രമക്കേട് നടന്നോയെന്ന് കണ്ടെത്താനാകൂ എന്ന് സംസ്ഥാന സർക്കാറിനോട് സുപ്രിംകോടതി ചോദിച്ചു. സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധി ചോദ്യംചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതിയുടെ ചോദ്യം. കേസിൽ സിബിഐക്കും കേന്ദ്രസർക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു. നിലപാട് അറിയിക്കാൻ സുപ്രിംകോടതി കേന്ദ്രത്തിനും സിബിഐക്കും നാലാഴ്‍ച സമയം അനുവദിച്ചു. സിബിഐ കേസെടുത്തത് ഫെഡറൽ സംവിധാനത്തെ ചോദ്യംചെയ്യുന്ന നടപടിയെന്നായിരുന്നു സംസ്ഥാന സർക്കാരിന്‍റെ വാദം. ജസ്റ്റിസ് അശോക് ഭൂഷൻ അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഹരജി പരിഗണിച്ചത്.